
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൻമേൽ കോൺഗ്രസ് ശക്തമായ പ്രത്യക്ഷ സമരം തുടങ്ങുന്നു. സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കുറ്റാരോപിതരായവര്‍ക്കെതിരെ കേസെടുക്കുക, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കുക, ആരോപണങ്ങളില്‍ മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ ഇന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി നിര്‍വഹിക്കും. 'ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി സി സികളുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
ജില്ലകളില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍, ഡി.സി.സി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു. സെപ്റ്റംബര്‍ 2 ന് യുഡിഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതേ വിഷയത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തീരുമാനിച്ചിരിക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും എം ലിജു അറിയിച്ചു.
കെ പി സി സി അറിയിപ്പ് ഇപ്രകാരം
വിവരാവകാശ കമ്മിഷന്‍ ആവശ്യപ്പെടാത്ത ഭാഗങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങള്‍ ഒഴിവാക്കിയാണ് സര്‍ക്കാര്‍ ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത് സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ചിലരെയും കുറ്റാരോപിതരെയും സംരക്ഷിക്കാനാണെന്ന് വ്യക്തമാണ്. ഈ റിപ്പോര്‍ട്ടിന്‍ മേല്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലാണ് കേരളീയ സമൂഹം പ്രതീക്ഷിച്ചത്. എന്നാലത് ഉണ്ടായില്ലെന്ന് മാത്രമല്ല, വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്ത്, എം.മുകേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ മുകേഷിനെ ഉള്‍പ്പെടുത്തിയാണ് ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനായി നടത്തുന്ന കോണ്‍ക്ലേവിന്റെ സര്‍ക്കാര്‍ നയരൂപീകരണ സമിതിപോലും രൂപീകരിച്ചത്. ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ അതുല്യകലാകാരന്‍ തിലകനെ വിലക്കുന്നതിനായി ഇടപെട്ടെന്ന ഗുരുതര ആരോപണവും ഉയരുന്നുണ്ട്. കുറ്റാരോപിതരായ വ്യക്തികളെ സംരക്ഷിക്കാനും മഹത്വവത്കരിക്കാനമാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രവര്‍ത്തിച്ചത്. നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം നിറവേറ്റാതെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാന് ആ സ്ഥാനത്ത് തുടരാനുള്ള യോഗ്യതയില്ല.
അതിക്രമം നേരിട്ട ഇരകള്‍ നല്‍കിയ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഹേമകമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലൈംഗിക അതിക്രമം, ലൈംഗിക ചൂഷണം എന്നിവ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടും തെളിവ് സഹിതമുള്ള വിവരങ്ങളും വെളിപ്പെടുത്തലുകളും സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും പരാതി ലഭിച്ചാല്‍ മാത്രമെ കേസെടുക്കുയെന്ന പ്രതിഷേധാര്‍ഹമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ദുരനുഭവം നേരിട്ട പലര്‍ക്കും പരാതിയുമായി മുന്നോട്ട് വരാനുള്ള സാഹചര്യം സര്‍ക്കാര്‍ തടസ്സപ്പെടുത്തി. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രക്ഷോഭപാതയിലേക്കു നീങ്ങാന്‍ നിര്‍ബന്ധിതമായത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും എം ലിജു അറിയിച്ചു.
കച്ച് മേഖലയിലെ അതിതീവ്ര ന്യൂനമർദ്ദം അറബിക്കടലിലേക്ക്, കേരളത്തിൽ വീണ്ടും അതിശക്ത മഴ സാധ്യത
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam