അംഗത്വ വിതരണത്തിന് ഒരു ദിവസം; സുധാകരൻ മത്സരിക്കുമോ? സമവായമില്ലെങ്കിൽ എ-ഐ ഗ്രൂപ്പുകൾ ഒന്നിച്ച് നീങ്ങിയേക്കും

By Web TeamFirst Published Oct 31, 2021, 1:08 AM IST
Highlights

സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെ. സുധാകരൻറെ പ്രസ്താവനയെ പിന്തുണച്ചും ഗ്രൂപ്പുകളുടെ എതിർപ്പ് തള്ളിയും പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയതോടെ കോൺഗ്രസിൽ പോരാട്ടം മുറുകുകയാണ്

തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസ് (Congress Organaisational election) അംഗത്വവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ( നവംബര്‍ 1) നടക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി(KPCC President K Sudhakaran), എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍(AICC General Secretary Tariq Anwar), പ്രതിപക്ഷനേതാവ് വി ഡി സതീശന്‍(Leader of Opposition VD Satheesan), മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗവുമായ ഉമ്മന്‍ചാണ്ടി(Oommen Chandy),രമേശ് ചെന്നിത്തല(Ramesh Chennithala) തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടി തിങ്കളാഴ്ച രാവിലെ 11 ന് കെപിസിസി ആസ്ഥാനത്താണ് നടക്കുക.

അതിനിടെ സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെ. സുധാകരൻറെ പ്രസ്താവനയെ പിന്തുണച്ചും ഗ്രൂപ്പുകളുടെ എതിർപ്പ് തള്ളിയും പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയതോടെ കോൺഗ്രസിൽ പോരാട്ടം മുറുകുകയാണ്. സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് നീങ്ങുമ്പോൾ പാർട്ടി വീണ്ടും കലങ്ങിമറിയുന്ന കാഴ്ചയാണ് കോൺ​ഗ്രസിൽ കാണുന്നത്. പുന:സംഘടനയിൽ മുറിവേറ്റ എ,ഐ ഗ്രൂപ്പുകളുടെ അമർഷം ഇരട്ടിയാക്കുന്നതായിരുന്നു   മത്സരിക്കുമെന്ന കെപിസിസി അധ്യക്ഷൻറെ പ്രസ്താവന. സംഘടനാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കേണ്ട അധ്യക്ഷൻ മത്സരിക്കുമ്പോൾ പിന്നെ എങ്ങിനെ സമവായമെന്നാണ് ഗ്രൂപ്പുകളുടെ ചോദ്യം.

വിവാദം ശക്തമാകുന്നതിനിടെ മത്സരിക്കുമോ ഇല്ലയോ എന്ന് ഉറപ്പിച്ച് പറയാനാകില്ലെന്ന് സുധാകരൻ വിശദീകരിച്ചു. സമവായത്തിനില്ലെങ്കിൽ മത്സരവുമായി മുന്നോട്ട് പോകാനാണ് എ-ഐ ഗ്രൂപ്പുകളുടെ നീക്കം. വിഷയത്തിൽ അങ്ങോട്ട് പോയി സമവായം ആവശ്യപ്പെടേണ്ടെന്നാണ് എ-ഐ ഗ്രൂപ്പുകളുടം നിലപാട്. ഇങ്ങോട്ട് വന്നാൽ ചർച്ചയാകാം. ഏകപക്ഷീയമായ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ചർച്ചയിൽ എതിർപ്പും അറിയിക്കും. സമവായത്തിനില്ല എന്നാണ് നേതൃത്വത്തിന്‍റെ നിലപാടെങ്കിൽ പൊതുസ്ഥാനാർത്ഥിയെ സുധാകരനെതിരെ ഗ്രൂപ്പുകൾ നിർത്താൻ തന്നെയാണ് നീക്കം. മേൽത്തട്ടിലെ മത്സരം ഒഴിവാക്കാൻ ഹൈക്കമാൻഡ് തന്നെ ഇടപെടാൻ സാധ്യതയേറെയാണ്.

click me!