
ദില്ലി: ശശി തരൂരിന് പിന്നാലെ സംസ്ഥാനരാഷ്ട്രീയത്തിലേക്ക് മടങ്ങാൻ കൂടുതൽ കോൺഗ്രസ് എംപിമാർ. ലോക്സഭയിലേക്ക് മത്സരിക്കാൻ താല്പര്യമില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായി ടിഎൻ പ്രതാപൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേ സമയം സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് പ്രതാപനെ തള്ളി വി.ഡിസതീശൻ.
മുഖ്യമന്ത്രിയാകാൻ താല്പര്യമുണ്ടെന്ന ശശിതരൂരിൻറെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതാപനും ദില്ലി വിട്ട് സംസ്ഥാനത്തേക്ക് മടങ്ങാനുള്ള ആഗ്രഹം പരസ്യമാക്കുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ, അടൂർപ്രകാശ് അടക്കം കൂടുതൽ എംപിമാരുടേയും കണ്ണ് നിയമസഭാ തെരഞ്ഞെടുപ്പ് തന്നെ. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരക്കെ സിറ്റിംഗ് എംപിമാരുടെ ആത്മവിശ്വാസക്കുറവ് പാർട്ടിയെ കടുത്ത വെട്ടിലാക്കുന്നു.
യുപിഎ സർക്കാറിൻ്റെ മടക്കത്തെക്കാൾ കേരളത്തിൽ യുഡിഎഫിൻറെ തിരിച്ചുവരവിനാണ് സാധ്യതയെന്നാണ് എംപിമാരുടെ വിലയിരുത്തൽ. തരൂരിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിയുള്ള നീക്കങ്ങളോട് ഈ എംപിമാർക്ക് ഉള്ളുകൊണ്ട് എതിർപ്പുമില്ല. ഭരണംകിട്ടിയാല്‍ മന്ത്രിക്കസേര ലഭിക്കുമെന്ന തോന്നലുണ്ട് മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും. എന്നാല്‍ തരൂരിന്‍റെ വേഗമേറിയ രാഷ്ട്രീയ നീക്കങ്ങളോട് കരുതലോടെയാണ് പ്രതിപക്ഷനേതാവ് ഉള്‍പ്പടെ പ്രതികരിക്കുന്നത്. മതസാമുദായിക നേതാക്കള്‍ തരൂരിന് നല്‍കുന്ന പിന്തുണയിലാണ് കടുത്ത ആശങ്ക. തരൂരിനെ എതിര്‍ക്കുംതോറും പാര്‍ട്ടിക്ക് പുറത്ത് സ്വീകാര്യ കുറയുമെന്ന സമീപകാലത്തെ അനുഭവങ്ങളാണ് തിരിച്ചറിവിൻ്റെ കാരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam