
ദില്ലി: സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ നേതൃമാറ്റം ആലോചിക്കുന്നുണ്ടെയെന്ന ചോദ്യത്തിന് ഇല്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ മറുപടി. എഐസിസി ജനറൽ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവുമായ താരീഖ് അൻവറാണ് ദില്ലിയിൽ നേതൃത്വത്തിന്റെ നിലപാട് അറിയിച്ചത്. കേസുകളുമായി ബന്ധപ്പെട്ട് കെ സുധാകരനും വിഡി സതീശനും ഇന്ന് ദില്ലിയിലെത്തി രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. രാഹുൽ ഗാന്ധിക്ക് കേരളത്തിലെ രാഷ്ട്രീയമറിയാമെന്നും കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്നും നേതാക്കൾ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
അതേസമയം കോൺഗ്രസ് നേതാക്കൾക്കെതിരെ മാത്രമല്ല, എല്ലാ യു ഡി എഫ് നേതാക്കൾക്കെതിരെയും സംസ്ഥാനത്ത് അന്വേഷണം വരുമെന്ന് കെ മുരളീധരൻ പറഞ്ഞു. 2001 മുതലുള്ള സുധാകരന്റെ സ്വത്ത് സമ്പാദനം അന്വേഷിച്ചാൽ മുഖ്യമന്ത്രിയുടെ സ്വത്തുക്കളും അന്വേഷിക്കണം. ലോകം ഇന്നു കൊണ്ട് അവസാനിക്കില്ലെന്നും ദേശീയ രാഷ്ടീയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാതിരിക്കാൻ പിണറായി ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചിറക്കൽ രാജാസ് സ്കൂൾ വാങ്ങിക്കാനായി 16 കോടി രൂപ പിരിച്ച് മുക്കിയെന്ന 2021 ലെ പരാതിയിലാണ് കെ സുധാകരനെതിരെ ഇപ്പോൾ വിജിലൻസ് അന്വേഷണം ശക്തമാക്കിയത്. കെ സുധാകരന്റെ പഴയ ഡ്രൈവറാണ് പരാതിക്കാരൻ. സ്കൂൾ വാങ്ങാൻ നടത്തിയ നീക്കം വിവാദമായതോടെ ഉപേക്ഷിച്ചിരുന്നു. എജുപാർക്കെന്ന കമ്പനിയുടെ പേരിലേക്ക് വകമാറ്റിയ തുക വെട്ടിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ശമ്പള വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്റെ ഭാര്യ ജോലി ചെയ്തിരുന്ന കാടാച്ചിറ സ്കൂളിന് വിജിലൻസ് നോട്ടിസ് നൽകി. 20 വർഷത്തിനിടയിലെ ശമ്പളക്കണക്കാണ് ആവശ്യപ്പെട്ടത്. കെ സുധാകരൻ മന്ത്രിയായ കാലയളവിലെ അടക്കം വരുമാനവും സ്വത്ത് സമ്പാദനവുമാണ് അന്വേഷിക്കുന്നത്. 2021ൽ തുടങ്ങിയ അന്വേഷണമാണെന്നും മോൻസൻ കേസുമായി അന്വേഷണത്തിന് ബന്ധമില്ലെന്നും വിജിലൻസ് സ്പെഷ്യൽ സെൽ വിശദീകരിക്കുന്നു. അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൽ റസാക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രശാന്തിൽ നിന്ന് നാളെ വിജിലൻസ് മൊഴിയെടുക്കും.