
ദില്ലി: സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസും വിജിലൻസും രജിസ്റ്റർ ചെയ്ത കേസുകളിൽ സംസ്ഥാന സർക്കാർ ഭരിക്കുന്ന സിപിഎമ്മിലെ അടക്കം നേതാക്കൾക്ക് മുന്നറിയിപ്പുമായി കെ മുരളീധരൻ. എല്ലാ യു ഡി എഫ് നേതാക്കൾക്കെതിരെയും സംസ്ഥാനത്ത് അന്വേഷണം വരുമെന്ന് അദ്ദേഹം പറഞ്ഞു. 2001 മുതലുള്ള സുധാകരന്റെ സ്വത്ത് അന്വേഷിച്ചാൽ മുഖ്യമന്ത്രിയുടെ സ്വത്തും അന്വേഷിക്കണം. ലോകം ഇന്നു കൊണ്ട് അവസാനിക്കില്ല. ദേശീയ രാഷ്ടീയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാതിരിക്കാൻ പിണറായി ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരനെതിരായ 2021ലെ പരാതിയിൽ വീണ്ടും വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നു. ചിറക്കൽ രാജാസ് സ്കൂൾ വാങ്ങിക്കാനായി 16 കോടി രൂപ പിരിച്ച് മുക്കിയെന്നാണ് പരാതി. സ്കൂൾ വാങ്ങാൻ സുധാകരൻ നടത്തിയ നീക്കം വിവാദമായതോടെ ഉപേക്ഷിച്ചിരുന്നു. എങ്കിലും എജുപാർക്കെന്ന കമ്പനിയുടെ പേരിലേക്ക് വകമാറ്റിയ തുക വെട്ടിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കെ സുധാകരന്റെ പഴയ ഡ്രൈവറാണ് പരാതിക്കാരൻ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ശമ്പള വിവരങ്ങൾ നൽകണമെന്ന് ആവസ്യപ്പെട്ട് കെ സുധാകരന്റെ ഭാര്യ ജോലി ചെയ്തിരുന്ന സ്കൂളിന് വിജിലൻസ് നോട്ടിസ് നൽകി. ഭാര്യയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നും ഏത് അക്കൗണ്ട് പരിശോധിക്കുന്നതിനും പ്രശ്നമില്ല, അന്വേഷണവുമായി സഹകരിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.
കെ സുധാകരന്റെ ഭാര്യ അധ്യാപികയായി ജോലി ചെയ്ത കാടാച്ചിറ സ്കൂളിനാണ് ശമ്പള വിവരങ്ങകൾ ആവശ്യപ്പെട്ട് വിജിലൻസ് നോട്ടിസ് നൽകിയത്. 20 വർഷത്തിനിടയിലെ ശമ്പളക്കണക്കാണ് ആവശ്യപ്പെട്ടത്. ഇത് ആദ്യ നടപടി മാത്രമാണെന്നും പിന്നാലെ സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായുംവിജിലൻസ് സ്പെഷ്ൽ സെൽ വ്യക്തമാക്കി.
കെ സുധാകരൻ മന്ത്രിയായ കാലയളവിലെയടക്കം വരുമാനവും സ്വത്ത് സമ്പാദനവും ആണ് അന്വേഷിക്കുന്നത്. പുതിയ അന്വേഷണം അല്ലെന്നും 2021ലെ തുടങ്ങിയതാണെന്നും വിജിലൻസ് സ്പെഷ്യൽ സെൽ വിശദീകരിക്കുന്നു. അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൽ റസാക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രശാന്തിൽ നിന്ന് നാളെ വിജിലൻസ് മൊഴിയെടുക്കും. മോൻസൻ കേസുമായി അന്വേഷണത്തിന് ബന്ധമില്ലെന്നാണ് വിജിലൻസിന്റെ വിശദീകരണം. 2 വർഷം വൈകി ഇപ്പോൾ അന്വേഷണം സജീവമായതിന് കാരണം രാഷ്ട്രീയലക്ഷ്യങ്ങൾ തന്നെയെന്ന് സുധാകരനും കോൺഗ്രസും ആരോപിക്കുന്നു.