
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർ മത്സരിക്കാൻ സാധ്യത കുറവ്. എംപിമാർ എംഎൽഎ സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. എംപിമാർ മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്ന് മുതിർന്ന നേതാവ് പി.ജെ.കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടുത്തമാസം തുടങ്ങുന്ന യുഡിഎഫ് ജാഥയ്ക്ക് മുമ്പ് അൻപത് സ്ഥാനാർത്ഥികളെ കോൺഗ്രസ് നിശ്ചയിച്ചേക്കും. വയനാട് ക്യാമ്പിൽ ഇതിൻ്റെ രൂപരേഖയാകും.
തദ്ദേശ തെരഞ്ഞെടുപ്പിലെ ജയത്തിൻ്റെ ആത്മവിശ്വാസത്തിൽ സംസ്ഥാനത്ത് ഭരണമാറ്റത്തിന് കളമൊരുങ്ങിയെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് ക്യാംപ്. ദില്ലിയിലിരിക്കേണ്ട, കേരളത്തിൽ കളംപിടിക്കാമെന്ന് കോൺഗ്രസ് എംപിമാരിൽ പലർക്കും ആഗ്രഹമുണ്ട്. എന്നാൽ അതിന് സാധ്യത കുറവെന്ന് പാർട്ടി കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. എംപിമാർ ഈ സ്ഥാനം വിട്ട് എംഎൽഎമാരാകാൻ ശ്രമിക്കുന്നത് എതിരാളികൾ പ്രചാരണ ആയുധമാക്കുമെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. ഒന്നോ രണ്ടോ എംപിമാർക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ അവകാശവാദം ഉന്നയിക്കാനും തർക്കമുണ്ടാകാനും സാധ്യതയുണ്ട്. മത്സരിച്ചവർ കൂട്ടത്തോടെ ജയിച്ചുവന്നാൽ, ഒരു മിനി ലോക്സഭാ തെരഞ്ഞെടുപ്പ് വേണ്ടി വരുന്ന സ്ഥിതിയുണ്ടാകും. പകരം സ്ഥാനാർത്ഥികളെ കണ്ടെത്തണമെന്ന തലവേദന വേറെയുമുണ്ടാകും. അതിനാലാണ് എംപിമാർ എംപിമാരായി തന്നെ ഇരുന്നാൽ ഈ തലവേദനയൊന്നുമുണ്ടാകില്ലെന്ന വാദം ശക്തിപ്പെടുന്നത്.
യുഡിഎഫ് പ്രചാരണജാഥ ഫെബ്രുവരിയിൽ തുടങ്ങും മുമ്പ് അൻപതിടത്ത് സ്ഥാനാർത്ഥികളെ നിശ്ചയിച്ചേക്കും. പതിവായി തോൽക്കുന്ന സീറ്റുകൾ ഘടക കക്ഷികളുമായി കോൺഗ്രസ് വച്ചുമാറും. സിറ്റിങ് എംഎൽഎമാരിൽ ഭൂരിഭാഗവും മത്സരിക്കും. സെലിബ്രിറ്റികളും സ്ഥാനാർത്ഥിപ്പട്ടികയിൽ വരും. രമേഷ് പിഷാരടി ഉൾപ്പെടെയുളളവർ പരിഗണനയിലുണ്ട്. സ്ഥാനാർത്ഥി നിർണയത്തിലെ രൂപരേഖ മറ്റന്നാൾ തുടങ്ങുന്ന വയനാട് ക്യാമ്പിൽ തയ്യാറാക്കും. സംഘടനാ തലത്തിലുള്ള തയ്യാറെടുപ്പുകളും മാറ്റങ്ങളും ചർച്ചയാകുന്ന വയനാട് ക്യാമ്പ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പദ്ധതിയുടെ മർമം നിശ്ചയിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam