
ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അശോക് ഗലോട്ടിനെതിരെ ഗ്രൂപ്പ് 23. ഇരട്ടപദവി അംഗീകരിക്കില്ലെന്നും ഇരട്ടപദവി അനുവദിക്കുന്നത് ഉദയ്പൂർ പ്രഖ്യാപനത്തിനെതിരാണെന്നും ഗ്രൂപ്പ് 23 നേതാക്കള്‍ അഭിപ്രായപ്പെട്ടു. പാർട്ടിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെന്നും ഗ്രൂപ്പ് 23 വ്യക്തമാക്കി. അതേസമയം, ശശി തരൂരിനെ ഐടി പാർലമെൻ്റി സമിതി അദ്ധ്യക്ഷ സ്ഥാനത്ത് തുടരാൻ അനുവദിക്കമണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് അശോക് ഗലോട്ടിനെതിരെ ഗ്രൂപ്പ് 23 രംഗത്തെത്തുന്നത്. ഇരട്ടപദവി അനുവദിക്കുന്നത് ഉദയ്പൂർ പ്രഖ്യാപനത്തിനെതിരാണെന്ന് ഗ്രൂപ്പ് 23 നേതാക്കള്‍ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷനായാലും രാജസ്ഥാൻ മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന അശോക് ഗെലോട്ടിന്റെ നിലപാടിനെതിരെ ദിഗ് വിജയ് സിംഗും രംഗത്തെത്തി. അധ്യക്ഷനായാൽ ഗലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നും രണ്ട് പദവികൾ വഹിക്കാനാവില്ലെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു. അധ്യക്ഷനായാലും മുഖ്യമന്ത്രി സ്ഥാനം ഒഴിയാനില്ലെന്ന് ഗലോട്ട് കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാല്‍, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗെലോട്ട് വന്നാൽ രാജസ്ഥാനിൽ പകരം സംവിധാനം ഉണ്ടാകുമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി എന്നാണ് വിവരം.
അതേസമയം, അധ്യക്ഷ സ്ഥാനത്തേക്കുള്ള സാധ്യതയേറുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കേരളത്തില്‍ ജോഡോ യാത്രയിലുള്ള രാഹുല്‍ ഗാന്ധിയുമായി കൊച്ചിയിലാകും കൂടിക്കാഴ്ച. പന്ത്രണ്ടരയോടെ ഗലോട്ട് കൊച്ചിയിലെത്തും. അധ്യക്ഷ പദം ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ കൂടി രാഹുല്‍ ഗാന്ധിയോടാവശ്യപ്പെടുമെന്ന് ഗലോട്ട് വ്യക്തമാക്കിയിരുന്നു. ഈ മാസം മുപ്പത് വരെയാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസരം ഉണ്ടാവുക. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. അതായത്, അധ്യക്ഷ സ്ഥാനത്തേക്കായി മത്സരം നടക്കുമോയെന്ന് എട്ടിന് വ്യക്തമാകും. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19നായിരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam