Asianet News MalayalamAsianet News Malayalam

'ഭാരത് ജോഡോ യാത്ര കേരളം വിട്ടില്ല', 'രാജസ്ഥാനും കയ്യാലപ്പുറത്ത്'; കടുത്ത സമ്മർദ്ദത്തിൽ ഹൈക്കമാൻഡ്

'ഇപ്പോൾ സമ്മർദ്ദത്തിൽ ഹൈക്കമാൻഡാണ്. രാഹുലിന്റെ ജാഥയ്ക്ക് ക്ഷീണം തട്ടാതെ നോക്കണം. രാജസ്ഥാനിലെ സർക്കാർ വീഴാതെ നോക്കണം. അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ പേരുകൾ കണ്ടെത്തണം'. 

Congress President Election, crisis continues in Rajastan
Author
First Published Sep 26, 2022, 4:24 PM IST

ദില്ലി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളം വിടും മുന്നേ, കോൺഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടി രാജസ്ഥാൻ 'നാടകം'. കോൺഗ്രസ് അധ്യക്ഷനാക്കാൻ നിശ്ചയിച്ച അശോക് ഗെലോട്ട് രായ്ക്കു രാമാനം രാജസ്ഥാനിൽ നടത്തിയ അട്ടിമറി നീക്കം യാത്രയുടെ തന്നെ ശോഭ കെടുത്തുമോ എന്ന ആശങ്കയിലാണ് നേതാക്കൾ. കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര കേരളത്തിൽ പ്രവേശിച്ചതിന് പിന്നാലെ, ഗോവയിൽ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറിയത് രാഷ്ട്രീയ എതിരാളികൾ ആഘോഷമാക്കിയിരുന്നു. അതിന്റെ ചൂടാറും മുമ്പാണ് രാജ്യത്ത് കോൺഗ്രസ് ഭരണം ബാക്കിയുള്ള രണ്ട് സംസ്ഥാനങ്ങളിൽ ഒന്നിൽ കൂടി പ്രതിസന്ധി നേരിടുന്നത്. 

അശോക് ഗെലോട്ട് കോൺഗ്രസ് അധ്യക്ഷനാകട്ടെ എന്ന് സോണിയ ഗാന്ധി നിർദ്ദേശിച്ചത് ഒന്നര മാസം മുൻപാണ്. ഈ സന്ദേശം താഴേ തട്ടിലെത്തിക്കാൻ എഐസിസിക്ക് സോണിയ നിർദ്ദേശവും നൽകി. കേരളം പോലുള്ള ഘടകങ്ങൾ ഗെലോട്ടിനെ പിന്തുണയ്ക്കാൻ തയ്യാറായി. ഗെലോട്ട് അധ്യക്ഷനായാൽ, സച്ചിൻ പൈലറ്റിന് നേരത്തെ പ്രിയങ്ക വാഗ്‍ദാനം ചെയ്ത മുഖ്യമന്ത്രി പദം കാര്യമായ എതിർപ്പില്ലാതെ കൈമാറാമെന്ന് മനക്കോട്ട, ഇതിനിടെ കോൺഗ്രസിലെ ചിലർ കെട്ടി. നേരത്തെ രാജസ്ഥാനിലെ പ്രതിസന്ധി തീർക്കാൻ ഇടപെട്ട പ്രിയങ്ക സച്ചിന് വാക്ക് നൽകിയതാണ്. 

'അശോക് ഗെലോട്ട് വേണ്ട'; ഹൈക്കമാൻഡിന് മനം മാറ്റം, ഗെലൊട്ടിനെ അധ്യക്ഷനാക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നു

അധ്യക്ഷനാകുന്ന ഗെലോട്ട് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും എന്ന് ഹൈക്കമാൻഡ് കരുതി. പക്ഷേ നേതാക്കൾ മരത്തിൽ കണ്ടത് മാനത്തിൽ കണ്ട ഗെലോട്ട്, കയറി കളിച്ചു. ഇന്നലെ രാത്രി ജയ‍്‍പൂരിൽ കണ്ട കാഴ്ചകൾ കോൺഗ്രസിന്റെ ഉന്നത നേതാക്കൾക്ക് മുഖത്തേറ്റ അടിയായിരുന്നു. എംഎൽഎമാർ രാജി വയ്ക്കാൻ തയ്യാറായത് തൻറെ അറിവില്ലാതെയായിരുന്നുവെന്ന ഗെലോട്ടിന്റെ വാക്ക് ആരും കണക്കിലെടുക്കുന്നില്ല. ഇതോടെ, ഹൈക്കമാൻഡിനെ ധിക്കരിച്ച് അട്ടിമറി നടത്തിയ ഗെലോട്ടിനെ ഇനി എങ്ങനെ വിശ്വസിക്കും എന്നായി ചോദ്യം. 

ഇപ്പോൾ സമ്മർദ്ദത്തിൽ ഹൈക്കമാൻഡാണ്. രാഹുലിന്റെ ജാഥയ്ക്ക് ക്ഷീണം തട്ടാതെ നോക്കണം. രാജസ്ഥാനിലെ സർക്കാർ വീഴാതെ നോക്കണം. അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ പേരുകൾ കണ്ടെത്തണം. മുകുൾ വാസ്നിക്കും ദ്വിഗ്‍വിജയ് സിംഗും മല്ലികാർജുൻ ഖാർഗെയും കമൽനാഥുമാണ് ചർച്ചയിലുള്ളത്. രാജസ്ഥാനിലെ കാഴ്ചകൾ നൽകിയ ആവേശത്തിൽ മത്സരിക്കുമെന്ന് തരൂർ ഇന്ന് പരസ്യമായി അറിയിച്ചിട്ടുണ്ടെങ്കിലും ശശി തരൂരിനെ പിന്തുണയ്ക്കാൻ ഇപ്പോഴും എഐസിസി തയ്യാറല്ല. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തുടങ്ങിയ ശേഷം ഗോവയിലെ പാർട്ടി പിളർന്നത്. എട്ട് എംഎൽഎമാർ കളം മാറി. അമരീന്ദർ സിംഗ് ബിജെപിയിൽ ചേർന്നു. യാത്രയുടെ ആവേശം കെടുത്തുന്നതാണ് രാജസ്ഥാനിൽ കണ്ട നാടകീയ നീക്കങ്ങൾ. രാജസ്ഥാൻ സർക്കാരും ആടി ഉലയുമ്പോൾ നേരിടാൻ കഴിയാത്ത ദൗർബല്യം കൂടിയാണ് കോൺഗ്രസ് തലപ്പത്ത് പ്രകടമാകുന്നത്.
 

Follow Us:
Download App:
  • android
  • ios