കണ്ണമ്പ്ര ഭൂമി ഇടപാട്; 'എ കെ ബാലന്‍ അറിയാതെ ഒന്നും നടക്കില്ല', അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

By Web TeamFirst Published Sep 21, 2021, 12:21 PM IST
Highlights

പാർട്ടി നിയന്ത്രണത്തിലുള്ള കണ്ണമ്പ്ര പാപ് കോസ് റൈസ് മില്ലിൻ്റെ സ്ഥലമേറ്റെടുക്കലില്‍ മൂന്ന് കോടിയുടെ അഴിമതി പാർട്ടി കമ്മീഷൻ കണ്ടെത്തിയിരുന്നു. 

പാലക്കാട്: കണ്ണമ്പ്ര ഭൂമി ഇടപാടിൽ എ കെ ബാലനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. പാർട്ടി നിയന്ത്രണത്തിലുള്ള കണ്ണമ്പ്ര പാപ് കോസ് റൈസ് മില്ലിൻ്റെ സ്ഥലമേറ്റെടുക്കലില്‍ മൂന്ന് കോടിയുടെ അഴിമതി പാർട്ടി കമ്മീഷൻ കണ്ടെത്തിയിരുന്നു. ഏക്കറിന് 15 ലക്ഷം മാത്രം വിലയുള്ള സ്ഥലത്തിന് 23.5 ലക്ഷം നൽകിയെന്ന് കാട്ടിയാണ് പരാതി ഉയർന്നത്. തുടർന്നായിരുന്നു പാർട്ടി അന്വേഷണ കമ്മീഷനെ വച്ചത്. 

ഇതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ സി കെ ചാമുണ്ണിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ചാമുണ്ണിയുടെ ബന്ധുവും സംഘത്തിൻ്റെ ഓണററി സെക്രട്ടറിയുമായിരുന്ന ആർ സുരേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കാനും ഇന്നലെ ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി തീരുമാനമെടുത്തിരുന്നു. 

നടപടി ഒഴിവാക്കാൻ ജില്ലാ സെക്രട്ടേറിയേറ്റിൽ എ കെ ബാലൻ ശ്രമിച്ചു. എന്നാൽ  ജില്ലാ കമ്മിറ്റി അംഗങ്ങളിൽ ഭൂരിഭാഗവും നടപടി വേണമെന്ന വാദത്തിൽ  ഉറച്ചു നിന്നു. ഭൂമി ഇടപാടിൽ സഹകരണ വകുപ്പ് അന്വേഷണവും നടക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് മുൻ മന്ത്രി എ കെ ബാലനെ ലക്ഷ്യമിട്ട് കോൺഗ്രസ് രംഗത്തെത്തിയത്. ബാലനറിയാതെ കണ്ണമ്പ്ര  ഇടപാട് നടക്കില്ലെന്നാണ് കോൺഗ്രസ് ആരോപണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!