സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തക പരിഷ്കരണം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയും ഹയർ സെക്കൻഡറിയിലെ പതിനൊന്നാം ക്ലാസിലേക്കുമുള്ള പുതിയ പുസ്തകങ്ങൾ തയ്യാറാണെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തക പരിഷ്കരണം പൂർത്തിയായതായും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പുസ്തകങ്ങൾ സജ്ജമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി 597 ടൈറ്റിലുകളാണ് ഇതിനായി വികസിപ്പിച്ചത്. ഇവയ്ക്കാവശ്യമായ ടീച്ചർ ടെക്സ്റ്റുകളും തയ്യാറാക്കിക്കഴിഞ്ഞു. ഭാഷാ ന്യൂനപക്ഷമായ കന്നഡ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകിക്കൊണ്ട് അവർക്കാവശ്യമായ പുസ്തകങ്ങളും വിദ്യാഭ്യാസ വകുപ്പ് ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹയർ സെക്കൻഡറി മേഖലയിൽ ഈ വർഷം പതിനൊന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് പുതിയ പുസ്തകങ്ങൾ ലഭ്യമാക്കുമെന്നും ഫെബ്രുവരി രണ്ടാം വാരത്തിൽ ഇതിന്റെ പ്രകാശനം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹയർ സെക്കൻഡറി മേഖലയിലെ പാഠപുസ്തക പരിഷ്‌കരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഭാഷാ വിഷയങ്ങൾ, കമ്പ്യൂട്ടർ സയൻസ് എന്നിവ ഉൾപ്പെടെ 41 ടൈറ്റിൽ പുസ്തകങ്ങളാണ് പതിനൊന്നാം ക്ലാസിലേക്ക് തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി വിവരിച്ചു.
സ്വർണക്കൊള്ളയിൽ കോൺഗ്രസിന് വിമർശനം
അതേസമയം, രാഷ്ട്രീയ വിഷയങ്ങളിൽ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനവും ശിവൻകുട്ടി നടത്തി. ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ ഉൾപ്പെട്ടവരും സോണിയാ ഗാന്ധിയും ഒരുമിച്ചുള്ള ചിത്രം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ വിഷയത്തിൽ സോണിയാ ഗാന്ധിയിൽ നിന്ന് വിവരങ്ങൾ തേടണമെന്ന് ആവശ്യപ്പെട്ടു. കേസുമായി പരോക്ഷമായി പോലും ബന്ധമില്ലാത്ത മന്ത്രിമാരുടെ പേര് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ലിന്റോ ജോസഫ് എം എൽ എയ്ക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തിനെതിരെയും മന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചു. ലിന്റോക്കെതിരായ ശാരീരിക അധിക്ഷേപം മനുഷ്യത്വപരമായ നടപടിയല്ലെന്നും രാഷ്ട്രീയ വിയോജിപ്പുകൾ ഉണ്ടെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


