'കയര്‍ സമര'ത്തില്‍ ഒപ്പം നില്‍ക്കാമെന്ന് കോണ്‍ഗ്രസ്; മുതലകണ്ണീരാണെന്ന് സിപിഐ

By Web TeamFirst Published Feb 27, 2020, 9:44 AM IST
Highlights

പരമ്പരാഗത കയർ തൊഴിലാളികളെ രക്ഷപ്പെടുത്താൻ സ‍ർക്കാർ പ്രത്യേക നയം രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതേസമയം, രമേശ് ചെന്നിത്തലയുടേത് മുതലകണ്ണീരാണെന്ന് സിപിഐ പ്രതികരിച്ചു

ആലപ്പുഴ: മന്ത്രി തോമസ് ഐസക്കിനെതിരായ കയർ സമരത്തിൽ സിപിഐയ്ക്ക് കോൺഗ്രസിന്‍റെ പിന്തുണ. സിപിഐ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിയെ വഴിയിൽ തടയുന്നത് അടക്കം സമരം ശക്തമാക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം.

കയർ മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തി സിപിഐ, മന്ത്രി തോമസ് ഐസക്കിനെതിരെ പ്രക്ഷോഭത്തിലാണ്. നവമാധ്യമങ്ങളിൽ ലൈക്ക് കൂട്ടൽ മാത്രമാണ് ഐസക്കിന്‍റെ ജോലിയെന്ന പരസ്യവിമർശനം പോലും സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ഉയർത്തി. ഇതിനിടെയാണ് കയർ സമരത്തിൽ യോജിച്ച പ്രക്ഷോഭത്തിന് സിപിഐയെ കോൺഗ്രസ് ക്ഷണിച്ചിരിക്കുന്നത്.

പരമ്പരാഗത കയർ തൊഴിലാളികളെ രക്ഷപ്പെടുത്താൻ സ‍ർക്കാർ പ്രത്യേക നയം രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതേസമയം, രമേശ് ചെന്നിത്തലയുടേത് മുതലകണ്ണീരാണെന്ന് സിപിഐ പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലമായ ഹരിപ്പാടും കയർ തൊഴിലാളികൾ ദുരിതത്തിലാണ്. ഈ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പോലും തയാറാകാത്ത പ്രതിപക്ഷ നേതാവിനൊപ്പം സിപിഐ ചേരില്ലെന്നും ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു.

കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാത്തതിൽ ധനമന്ത്രി ഡോ ടി എം തോമസ് ഐസക്കിനെതിരെ പരസ്യപ്രതിഷേധവുമായാണ് സിപിഐ രംഗത്ത് വന്നത്. ഫേസ്ബുക്കിൽ ലൈക്ക് കൂട്ടുക അല്ലാതെ കയർ മേഖലയ്ക്കായി മന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് വിമര്‍ശിച്ചു. കയർ തൊഴിലാളികളെ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാണ് സിപിഐയുടെ ആവശ്യം.

പ്രതിസന്ധിയുടെ നടുവിലാണ് കയർ മേഖല. ഫാക്ടറികൾ ഓരോന്നായി അടച്ചുപൂട്ടുകയാണ്. മിനിമം കൂലി പോലും നൽകുന്നില്ല. കയർ മേഖലയെ തകർക്കുന്ന നടപടികളുമായി മന്ത്രി തോമസ് ഐസക് മുന്നോട്ട് പോവുകയാണ്. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം പോലും നടപ്പാക്കാൻ കയർ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് സിപിഐയുടെ തീരുമാനമെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു. 

click me!