നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയം വേ​ഗത്തിലാക്കാൻ കോൺ​ഗ്രസ്; എംപിമാർ അടക്കമുള്ള നേതാക്കളുടെ അഭിപ്രായം കേൾക്കാൻ സ്ക്രീനിങ് കമ്മിറ്റി

Published : Jan 14, 2026, 05:55 AM IST
congress candidates

Synopsis

സ്ഥാനാർഥി നിർണയം വേഗത്തിൽ തീരുമാനിക്കാൻ കോൺഗ്രസ്. കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിങ് കമ്മിറ്റി എംപിമാർ അടക്കമുള്ള പാർട്ടി നേതാക്കളുടെ അഭിപ്രായം ഇന്ന് കേൾക്കും.

തിരുവനന്തപുരം: സ്ഥാനാർഥി നിർണയം വേഗത്തിൽ തീരുമാനിക്കാൻ കോൺഗ്രസ്. കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിങ് കമ്മിറ്റി എംപിമാർ അടക്കമുള്ള പാർട്ടി നേതാക്കളുടെ അഭിപ്രായം ഇന്ന് കേൾക്കും. ഇന്നലെ എകെ ആന്റണി ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുമായി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ഇന്നലെ പ്രതിപക്ഷ നേതാവ് മിസ്ത്രിയെ കണ്ടിരുന്നില്ല.

വിവിധ തലങ്ങളിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡം അടക്കം സമിതി തീരുമാനിക്കും. രണ്ടു ദിവസം കേരളത്തിൽ തങ്ങുന്ന സമിതി അംഗങ്ങൾ വീണ്ടും കേരളത്തിൽ എത്തും. രണ്ടു ഘട്ടമായി സ്ഥാനാർഥി പ്രഖ്യാപനത്തിനാണ് കോൺഗ്രസ് ശ്രമം.

സ്ഥാനാർഥി നിർണയത്തിൽ ലീഗിൽ മൂന്ന് ടേം നയം നടപ്പിലാക്കണമെന്ന് പി കെ ഫിറോസ്

സ്ഥാനാർഥി നിർണയത്തിൽ ലീഗ് യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ലീഗിന് കൂടുതൽ സീറ്റിന് അർഹത ഉണ്ടെന്നും, മുന്നണി ബന്ധത്തെ ബാധിക്കാതെ ഇക്കാര്യം ഉന്നയിക്കുമെന്നും ഫിറോസ് പറഞ്ഞു. മൂന്ന് ടേം നയം നിയമസഭ തെരഞ്ഞെടുപ്പിലും നടപ്പിലാക്കണമെന്നും സ്ഥാനാർഥി നിർണായത്തിൽ വിജയ സാധ്യത മാത്രം ആകണം മാനദണ്ഡം എന്നും ഫിറോസ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു.

കോഴിക്കോട് കോണ്‍ഗ്രസില്‍ തര്‍ക്കം

നിയമസഭാ തെരഞ്ഞെടുപ്പ് സാധ്യതപട്ടിക സംബന്ധിച്ച് കോഴിക്കോട് കോണ്‍ഗ്രസില്‍ തര്‍ക്കം. കോഴിക്കോട് മല്‍സരിക്കുന്ന അഞ്ചില്‍ നാലു സീറ്റുകളിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായെന്ന തരത്തിലുളള പ്രചാരണത്തിനെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി.സ്ഥാനാര്‍ത്ഥി മോഹികളാണ് പ്രചാരണത്തിന് പിന്നിലെന്നും സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കുന്നത് ഡിസിസി അല്ലെന്നും കെ പി സിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍ സുബ്രഹ്മണ്യന്‍ തുറന്നടിച്ചു.

നാദാപുരത്ത് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ എം അഭിജിത്ത്,കൊയിലാണ്ടിയില്‍ ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍കുമാര്‍,ബാലുശ്ശേരിയില്‍ കെ എസ് യു ജില്ലാ പ്രസിഡന്‍റ് വി ടി സൂരജ്, കോഴിക്കോട് നോര്‍ത്തില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി കെ ജയന്ത്. കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ഇവരിറങ്ങുമെന്നാണ് പ്രചാരണം. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സര രംഗത്തില്ലെങ്കില്‍ ഈ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റമുണ്ടാകില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവര്‍ത്തിക്കുന്നു. ഈ പട്ടികയില്‍പെട്ട ചിലരൊക്കെ മണ്ഡലത്തില്‍ സഹായം തേടി ഇറങ്ങി തുടങ്ങി. സാമൂഹിക മാധ്യമങ്ങളിലും പ്രചാരണം നടക്കുന്നുണ്ട്. പക്ഷേ ഇങ്ങനെയൊരു പട്ടിക പ്രചരിക്കുന്നതില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സീറ്റ് മോഹികളാണെന്നാണ് ആരോപണം. വയനാട് ക്യാമ്പില്‍ എ ഐ സി സി നേതൃത്വം സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സീറ്റ് ചര്‍ച്ചയെച്ചൊല്ലി മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ അപമാനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയതിനു പിന്നിലും സീറ്റ് മോഹികളായ ചില നേതാക്കളാണെന്നാണ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും നേട്ടമുണ്ടാക്കിയ മേല്‍ക്കൈ കോഴിക്കോട്ടെ കോണ്‍ഗ്രസിന്‍റെ സീറ്റ് ക്ഷാമത്തിന് അവസാനം കുറിക്കാന്‍ സഹായകമാകുമെന്ന് കരുതുമ്പോഴാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കല്ലുകടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: കെ പി ശങ്കർദാസിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിശദമായ വാദം
Malayalam News live: നിയമസഭാ തെരഞ്ഞെടുപ്പ് - സ്ഥാനാർഥി നിർണയം വേ​ഗത്തിലാക്കാൻ കോൺ​ഗ്രസ്; എംപിമാർ അടക്കമുള്ള നേതാക്കളുടെ അഭിപ്രായം കേൾക്കാൻ സ്ക്രീനിങ് കമ്മിറ്റി