
തിരുവനന്തപുരം: രാഹുലിനെതിരെയുള്ള പരാതികളിൽ കടുത്ത നടപടിക്ക് കോൺഗ്രസ്. കൂടുതൽ നടപടി എന്ന ആവശ്യം ശക്തമാകുകയാണ്. വിഷയത്തിൽ ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് നേതാക്കൾ. രാഹുലിനെ പുറത്താക്കണം എന്ന ആവശ്യമാണ് ഉയരുന്നത്. എംഎൽഎ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടലിന് പരിമിതിയുണ്ട്. അതേ സമയം പുതിയ പരാതികൾ വരുന്നത് നേതൃത്വം ഗൗരവമായി കാണുകയും ചെയ്യുന്നുണ്ട്. നിലവിൽ രാഹുൽ സസ്പെൻഷനിലാണ്. പുറത്താക്കലാണ് ഇനിയുള്ള നടപടി. അതേ സമയം ആറാം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും.
ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കണോ എന്നതിലാകും ആദ്യവാദം. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാദം.പീഡനാരോപണവും ഗർഭഛിദ്രം നടത്തിയെന്ന പരാതിയും മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ നിരസിച്ചിട്ടുണ്ട്.ഡിജിറ്റൽ തെളിവുകളും ഹാജരാക്കിയിരുന്നു. എന്നാൽ ഇതിനോടകം രാഹുലിനെതിരെ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പാലക്കാടും തിരുവനന്തപുരത്തും വിശദ അന്വേഷണം പ്രത്യേക സംഘം നടത്തിയിരുന്നു.