
തിരുവനന്തപുരം : ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ചുമതല നന്നായി നിർവഹിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തവണ കോൺഗ്രസ് ഗുജറാത്തിൽ വിജയിക്കും. ബി ജെ പിയെ ഗുജറാത്തിൽ തന്നെ പരാജയപ്പെടുത്തും. കഴിഞ്ഞ വർഷത്തെ പരാജയം നേരിയ വോട്ടുകൾക്ക് ആയിരുന്നു. അത് ഇത്തവണ മറികടക്കും. ആം ആദ്മി പാർട്ടി ബിജെപിയുടെ ബി ടീം ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ വെല്ലുവിളിയും ഗുജറാത്തിൽ മറികടക്കും എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന്റെ ഗുജറാത്ത് തെരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റി ചുമതല രമേശ് ചെന്നത്തലയ്ക്ക് നൽകി ഇന്നലെയാണ് എ ഐ സി സി സർക്കുലർ ഇറക്കിയത്.
വിഴിഞ്ഞം സമരത്തിൽ രമേശ് ചെന്നിത്തല
വിഴിഞ്ഞം സമരം നീണ്ടു പോകുന്നത് ഒഴിവാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ല. മുഖ്യമന്ത്രി വാശി വെടിഞ്ഞു ചർച്ചക്ക് തയാറാകണം. തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന് പറയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു
വിഴിഞ്ഞം സമരം 9ാംദിനം,സമരം കടുപ്പിക്കും,തിങ്കളാഴ്ച വീണ്ടും കടൽമാർഗം ഉപരോധം
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് ഒൻപതാം ദിനം. കൊച്ചുതോപ്പ്, തോപ്പ്, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ സമരം.സമരത്തെ തള്ളിയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ സമരം കൂടുതൽ കടുപ്പിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. തുറമുഖ നിർമാണം നിർത്തിവച്ചുള്ള പഠനം അടക്കം ഏഴ് ആവശ്യങ്ങളും അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്ന ഉറച്ച നിലപാടിലാണ് രൂപത. തിങ്കളാഴ്ച വീണ്ടും കടൽ മാർഗം തുറമുഖം ഉപരോധിക്കും. ക്രമസമാധാന വിഷയങ്ങളിൽ ഇന്നലെ ജില്ലാതല സർവകക്ഷി യോഗം ചേർന്നിരുന്നെങ്കിലും സമവായത്തിൽ എത്താനായിരുന്നില്ല
'നികൃഷ്‌ടജീവിയുടെ കീഴിലാണ് മന്ത്രിസഭ, കടക്കൂ പുറത്തെന്ന് മൽസ്യത്തൊഴിലാളികളോട് പറയണ്ട' ലത്തീന്‍ അതിരൂപത
തിരുവനന്തപുരം; വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും സമരക്കാരെല്ലാം വിഴിഞ്ഞത്തുള്ളവരല്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് രൂക്ഷഭാഷയില്‍ മറുപടിയുമായി ലത്തീന്‍ അതിരൂപത രംഗത്ത്.മുഖ്യമന്ത്രി യാഥാർഥ്യം തിരിച്ചറിയുന്നില്ല.കൈക്കൂലി പറ്റിയവരുണ്ടെങ്കിൽ അദാനിക്ക് തിരിച്ച് കൊടുക്കണം.തുറമുഖ നിർമാണം നിർത്തി വെച്ചേ മതിയാകൂ.മത്സ്യത്തൊഴിലാളികളുടെ സമരത്തെ വർഗീയ സമരമെന്ന് ആക്ഷേപിച്ചു .മുസ്ലിംകളും സമരത്തിനെത്തി.നികൃഷ്‌ടജീവി യുടെ കീഴിലാണ് സംസ്ഥാന മന്ത്രി സഭ.കടക്കൂ പുറത്തെന്ന് മൽസ്യത്തൊഴിലാളികളോട് പറയണ്ട. തുറമുഖ മന്ത്രി വിഡ്ഢിയാണ്.അഹമ്മദ് ദേവർകോവിലിന്‍റേത് കള്ളങ്ങൾ കുത്തി നിറച്ച പ്രസംഗമാണ്. മന്ത്രിമാർ മത്സ്യത്തൊഴിലാളികളെ കളിയാക്കുന്നു.മുഖ്യമന്ത്രി നിലപാട് മാറ്റിയെ മതിയാകൂവെന്നും ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു
'വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയത്, തുറമുഖ നിർമ്മാണം നിർത്തി വക്കില്ല' മുഖ്യമന്ത്രി സഭയില്‍
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. എം വിന്‍സന്‍റ് എം എല്‍ എ യാണ് അടിയന്തരപ്രമേയം വഴി വിഷയം സഭയിൽ കൊണ്ടുവന്നത്. എന്നാല്‍ സമരത്തെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തി. സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്.സമർക്കാർ എല്ലാവരും വിഴിഞ്ഞത്തുകാർ അല്ല.പദ്ധതി കാരണം സമീപത്ത് തീര ശോഷണം ഉണ്ടാകില്ലെന്ന് റിപ്പോർട്ടുണ്ട്.സമഗ്ര പഠനത്തിന് ശേഷം ആണ് കേന്ദ്ര സർക്കാർ അനുമതി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.പുനരധിവാസ പദ്ധതി നടപ്പാക്കും. വീട് നിർമ്മിക്കും വരെ വാടക സർക്കാർ നൽകും, വാടക നിശ്ചയിക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു
വിഴിഞ്ഞം പദ്ധതി മൂന്നിലൊന്ന് പൂർത്തിയായപ്പോൾ 600 കിലോമീറ്റർ കടലെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.തീര ശോഷണത്തിൽ അദാനിയുടെയും സർക്കാരിന്‍റേയും നിലപാട് ഒന്നാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.3000 ത്തോളം വീടുകൾ നഷ്ടപ്പെടും എന്നുള്ളത് കൊണ്ടാണ് യുഡിഎഫ് സർക്കാർ വിപുലമായ പുനരധിവാസ പദ്ധതി ഉണ്ടാക്കിയത് . 4 വർഷമായി മത്സ്യ തൊഴിലാളികൾ സിമന്റ് ഗോഡൗണിൽ കഴിയുന്നു.സമരത്തെ പിന്തുണച്ചു പ്രതിപക്ഷ നേതാവ് രംഗത്തെത്തി.