'മോൺസണുമായി കോടികളുടെ ബിസിനസ് ബന്ധം'; അനിതയുടെ ആരോപണം പ്രതികരണം അർഹിക്കുന്നില്ലെന്ന് ചെന്നിത്തല

By Web TeamFirst Published Oct 2, 2021, 5:57 PM IST
Highlights

ആരെങ്കിലും എന്തെങ്കിലും പറയുന്നതിനോട് പ്രതികരിക്കാൻ ഇല്ല. മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ആക്ഷേപിക്കുന്ന രീതി പതിവാണെന്നും ചെന്നിത്തല പറഞ്ഞു.

പത്തനംതിട്ട: മോൺസൻ മാവുങ്കലുമായി  തനിക്ക് കോടികളുടെ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം തള്ളി രമേശ് ചെന്നിത്തല. അനിത പുല്ലയിൽ ന്യൂസ് അവരിൽ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുക ആയിരുന്നു ചെന്നിത്തല.   ആരെങ്കിലും എന്തെങ്കിലും പറയുന്നതിനോട് പ്രതികരിക്കാൻ ഇല്ല. മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ആക്ഷേപിക്കുന്ന രീതി പതിവാണെന്നും ചെന്നിത്തല പറഞ്ഞു.

കോൺഗ്രസ് നേതാവ് എന്ന പേരിൽ നേതാക്കൾ ഖദർ ഇട്ട് നടന്നാൽ പോരാ യു ഡി എഫിന് വോട്ട് ചെയ്യണം. സ്വന്തം പ്രവർത്തകർ ആത്മാർത്ഥയും സത്യസന്ധതയും പുലർത്തണം. സ്വന്തം മണ്ഡലത്തിലെ സ്ഥാനാർത്ഥി തോറ്റാലും  സംസ്ഥാനത്തു ഭരണം കിട്ടുമെന്ന് പലരും കരുതി. സംസ്ഥാനത്ത് എല്ലാരും അങ്ങനെ വിചാരിച്ചപ്പോൾ എല്ലായിടത്തും തോറ്റു എന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പത്തനംതിട്ടയിൽ കോൺഗ്രസ് യുണിറ്റ് കമ്മിറ്റി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

താൻ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചത് സംഘടനാ പ്രശ്നം കൊണ്ടല്ല. കെപിസിസി പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ രാജി വെയ്ക്കാൻ തീരുമാനിച്ചതാണ്. മൂന്ന് മാസം മുൻപ് രാജി നൽകിയതാണ്. ജയ്ഹിന്ദ് കൃത്യമായി ഓഡിറ്റ് നടക്കുന്ന സ്ഥാപനമാണ്. കെ.സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. പിണറായി വിജയൻ ഓലപാമ്പ് കാട്ടി പേടിപ്പിക്കണ്ട. ഇടത് തുടർ ഭരണം കൊവിഡിന്റെ കുഞ്ഞാണ്.

മുസ്ലീം ലീഗിൻ്റെ വിമർശനം സദുദ്ദേശപരമാണ്. യു ഡി എഫിൻ്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നത് കൊണ്ടാണ് ആ വിമർശനം. നിലവിൽ സംഘടനാ തർക്കങ്ങൾ ഇല്ല. നേതൃത്വവുമായി യോജിച്ചാണ് പോകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

click me!