താമരശ്ശേരി കൈതപ്പൊയിലിലെ ഹസ്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടെ താമസിച്ച് യുവാവിനെ ചോദ്യം ചെയ്ത് പൊലീസ്. അതേസമയം, കൊടി സുനിയുടെ പരോൾ അവസാനിക്കുന്നതിന് മുൻപ് വയനാട്ടിൽ നടത്തിയ പാർട്ടിയെകുറിച്ചും പൊലീസ് അന്വേഷണം
കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിലെ ഹസ്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടെ താമസിച്ച് യുവാവിനെ ചോദ്യം ചെയ്ത് പൊലീസ്. രണ്ടാം തവണയാണ് ആദിലിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നത്. യുവതിയുടെ ശബ്ദ രേഖ പുറത്ത് വന്ന സാഹചര്യത്തിലാണ് വീണ്ടും മൊഴി എടുത്തത്. ലഹരി ഉപയോഗത്തേക്കുറിച്ചു പുറത്തുപറയുമെന്നായിരുന്നു യുവതിയുടെ ശബ്ദ സന്ദേശം. ശബ്ദസന്ദേശത്തിൽ യുവതി കൊടിസുനിയുടെയും ഷിബുവിന്‍റെ പേരും പറഞ്ഞിരുന്നു. താമരശ്ശേരിയിലെ ഗുണ്ടയും നിരവധി കേസിലെ പ്രതിയുമാണ് ഷിബു. ഹസ്നയുടെ മരണവുമായി ബന്ധപ്പെട്ട് കൊടി സുനിയുടെ പരോൾ അവസാനിക്കുന്നതിന് മുൻപ് വയനാട്ടിൽ നടത്തിയ പാർട്ടിയെകുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈ പാർട്ടിയിൽ താമരശ്ശേരി സ്വദേശികളും പങ്കെടുത്തിരുന്നു.
കഴിഞ്ഞദിവസമാണ് ഹസ്നയുടെ ശബ്ദസന്ദേശം പുറത്തുവന്നത്. കൂടെ താമസിച്ചിരുന്ന പുതുപ്പാടി സ്വദേശിയായിരുന്ന ആദിലിന് രണ്ട് മാസം മുമ്പ് വാട്സാപ്പിൽ അയച്ച ശബ്ദ സന്ദേശം ആണ് പുറത്തുവന്നത്. ആദിലിനോട് ഫോൺ എടുക്കാൻ ആവശ്യപ്പെടുന്ന ഹസ്ന, ഇല്ലെങ്കിൽ പല രഹസ്യങ്ങളും പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. കരഞ്ഞ് സംസാരിക്കുന്ന യുവതി തന്‍റെ ജീവിതം നശിച്ച് പോയെന്നും ഓഡിയോയിൽ പറയുന്നുണ്ട്. ലഹരി ഉപയോഗത്തിന്‍റെ വിവരങ്ങൾ പുറത്ത് വിടുമെന്നും എന്തൊക്കെ ലഹരികളാണ് ഉപയോഗിക്കുന്നതെന്നതടക്കം വിളിച്ച് പറയുമെന്നും ഓഡിയോയിൽ പറയുന്നുണ്ട്. കൊടി സുനിയും ഷിബുവുമടക്കം എല്ലാവരും കുടുങ്ങുമെന്നും ഹസ്ന പറയുന്നുണ്ട്.
പൊലീസിൽ പരാതി നൽകിയാലല്ലേ നീ രക്ഷപ്പെടുന്നതെന്നും വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുമെന്നും ഹസ്ന പറയുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹസ്നയെ മരിച്ച നിലയിൽ താമസ സ്ഥലത്ത് കണ്ടെത്തിയത്. രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്ന ആദിലും വീട്ടുടമസ്ഥനും ചേർന്ന് വാതിൽ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. അപ്പോഴേക്കും യുവതി മരിച്ചിരുന്നു. വിവാഹ ബന്ധം പിരിഞ്ഞ ഹസ്ന കഴിഞ്ഞ എട്ടുമാസമായി ആദിലുമൊന്നിച്ചാണ് താമസിക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച കുടുംബം അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.



