നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് എം രംഗത്ത്. കഴിഞ്ഞ തവണ കുറ്റ്യാടിക്ക് പകരം സീറ്റ് നൽകാമെന്ന് സിപിഎം ഉറപ്പുനൽകിയിരുന്നതായി പാർട്ടി അവകാശപ്പെടുന്നു
കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് എം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം മത്സരിച്ച് പതിവായി ജയിക്കുന്ന സീറ്റുകളിലൊന്നാണ് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുകൊടുത്തത് സിപിഎമ്മിൽ പരസ്യ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇക്കുറി പേരാമ്പ്ര സീറ്റിലാണ് കേരള കോൺഗ്രസ് എം കണ്ണുവെച്ചിരിക്കുന്നത്. ആന്റണി രാജുവിന്റെ തിരുവനന്തപുരം മണ്ഡലത്തിലും കേരള കോൺഗ്രസിന് താത്പര്യമുണ്ട്. ആലപ്പുഴയിലെ കുട്ടനാട് സീറ്റും കേരള കോൺഗ്രസ് എം ആവശ്യപ്പെടും.
പേരാമ്പ്ര സീറ്റിനാണ് കേരള കോൺഗ്രസ് എം മുന്‍ഗണന നല്‍കുന്നതെന്ന് ജില്ലാ പ്രസിഡന്‍റ് ടി എം ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. കുറ്റ്യാടി സീറ്റ് കഴിഞ്ഞ തവണ വിട്ടു നല്‍കിയപ്പോള്‍ അടുത്ത തവണ സീറ്റ് നൽകുമെന്ന് അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉറപ്പ് നല്‍കിയതാണെന്ന് അദ്ദേഹം പറയുന്നു. ഇനി പേരാമ്പ്ര നൽകാനാവില്ലെങ്കിൽ നാദാപുരമോ, തിരുവമ്പാടിയോ വേണമെന്നും കേരള കോൺഗ്രസ് എം ആവശ്യപ്പെടുന്നു. കുറ്റ്യാടി സീറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞതവണ ആശയക്കുഴപ്പമുണ്ടായതാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാൻ കാരണമെന്നും കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പറയുന്നു. ഇക്കുറി കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ സിപിഎം പ്രവർത്തകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നും ജോസഫ് പറഞ്ഞു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ സിറ്റിംഗ് എംഎൽഎമാരെല്ലാം വീണ്ടും മത്സരിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജ്, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിൾ, റാന്നിയിൽ പ്രമോദ് നാരായൺ എന്നിവർ മത്സരിക്കും. കൂടുതൽ സീറ്റ് ഇക്കുറി വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് എം ഉറച്ചുനിൽക്കുമ്പോൾ അതിനോട് സിപിഎമ്മും സിപിഐയും എങ്ങനെ പ്രതികരിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കഴിഞ്ഞ തവണ 13 സീറ്റ് ആദ്യം നൽകിയെങ്കിലും പിന്നീട് കുറ്റ്യാടി തിരിച്ചെടുത്തു. അവശേഷിച്ച 12 ൽ ഏഴ് സീറ്റിലും കേരള കോൺഗ്രസ് എം പരാജയപ്പെടുകയായിരുന്നു.


