വയനാട് മെഡിക്കല്‍ കോളേജ് യാഥാർത്ഥ്യത്തിലേക്ക്; ഡിസംബറില്‍ തറക്കല്ലിടുമെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Oct 22, 2019, 5:46 PM IST
Highlights

ഡിസംബറില്‍ ഔദ്യോഗികമായി മെഡിക്കല്‍കോളേജിന് തറക്കല്ലിടാനാണ് ശ്രമം. 
 

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജിന്‍റെ നിർമ്മാണം ഡിസംബറില്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. മെഡിക്കല്‍കോളേജ് നിർമ്മിക്കാനായി തിരഞ്ഞെടുത്ത ചേലോട് എസ്റ്റേറ്റിലെ ഭൂമി സന്ദർശിച്ച മന്ത്രി രണ്ടുവർഷത്തിനകം ആദ്യബാച്ചിന് അഡ്മിഷന്‍ നല്‍കാനാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്‍കെല്ലിന്‍റെയും സെസിന്‍റെയും പരിശോധനയില്‍ വൈത്തിരി വില്ലേജില്‍ ചേലോട് എസ്റ്റേറ്റിന്‍റെ ഭാഗമായി കണ്ടെത്തിയ 50 ഏക്കർ ഭൂമി മെഡിക്കല്‍കോളേജ് നിർമ്മാണത്തിന് അനുകൂലമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാർ തുടർനടപടികളിലേക്ക് കടക്കുന്നത്. ഡിസംബറില്‍ ഔദ്യോഗികമായി മെഡിക്കല്‍കോളേജിന് തറക്കല്ലിടാനാണ് ശ്രമം. 

പിണറായിവിജയന്‍ സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന വർഷം അഡ്മിഷന്‍ നടപടികള്‍ തുടങ്ങാനാണ് നീക്കം. 615 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കാണ് ആരോഗ്യ വകുപ്പ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. കൂടാതെ വയനാട് മെഡിക്കല്‍കോളേജ് മാസ്റ്റർപ്ലാന്‍ തയാറാകുന്നമുറയ്ക്ക് കൂടുതല്‍ പണം കിഫ്ബിയില്‍നിന്നും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

വയനാടിന്‍റെ പരിസ്ഥിതിക്ക് പരമാവധി അനുകൂലമായി കെട്ടിടങ്ങള്‍ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. നേരത്തെ മെഡിക്കല്‍കോളേജിനായി തെരഞ്ഞെടുത്തിരുന്ന മടക്കിമലയിലെ ഭൂമി ഉപേക്ഷിക്കില്ലെന്നും അവിടെ അനുബന്ധ സൗകര്യങ്ങളൊരുക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
 

click me!