കണ്ണൂരിൽ ക്വാറൻ്റൈൻ കേന്ദ്രമായ ഹോട്ടലുകളിലും മദ്യം വാങ്ങാൻ ക്യൂ, വിൽപന തടഞ്ഞ് കളക്ടർ

By Web TeamFirst Published May 28, 2020, 10:59 AM IST
Highlights

ബെവ്ക്യൂ ആപ്പ് വഴി ടോക്കൺ എടുത്തവർക്കാണ് ക്വാറൻ്റൈൻ കേന്ദ്രമായി പ്രവ‍ർത്തിക്കുന്ന നാല് ഹോട്ടലുകളിലേക്ക് മദ്യം വാങ്ങാനുള്ള ടോക്കൺ നൽകിയിരിക്കുന്നത്

കണ്ണൂ‍ർ: ക്വാറൻ്റൈൻ കേന്ദ്രമായ ഹോട്ടലിലെ ബാറിൽ മദ്യം വാങ്ങാൻ ആളുകളെത്തിയത് ആശങ്ക സൃഷ്ടിക്കുന്നു. ബെവ്ക്യൂ ആപ്പ് വഴി ടോക്കൺ എടുത്തവർക്കാണ് ക്വാറൻ്റൈൻ കേന്ദ്രമായി പ്രവ‍ർത്തിക്കുന്ന നാല് ഹോട്ടലുകളിലേക്ക് മദ്യം വാങ്ങാനുള്ള ടോക്കൺ നൽകിയിരിക്കുന്നത്. 

രാവിലെ ഒൻപത് മണി മുതൽ ഇവിടെ ടോക്കൺ കിട്ടിയ ആളുകൾ മദ്യം വാങ്ങാനായി കാത്തിരിക്കുകയാണ്. എന്നാൽ ബാറുകൾ തുറക്കാനും മദ്യം വിൽക്കാനും കളക്ടർ ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും അതിനാൽ മദ്യം വിൽക്കാനാവില്ലെന്നുമാണ് ഹോട്ടലുടമകൾ പറയുന്നത്. ഇതോടെ മദ്യം വാങ്ങാനെത്തിയവരും ആശയക്കുഴപ്പത്തിലാണ്. 

അതേസമയം  65 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മദ്യവിൽപന പുനരാരംഭിച്ചു. ടോക്കണിനൊപ്പം കിട്ടുന്ന ക്യൂ‍ർ കോഡ് സ്കാൻ ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടത് പലയിടത്തും ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും നിലവിൽ എല്ലായിടത്തും മദ്യവിൽപന സു​ഗമമായി നടക്കുന്നുണ്ട്. തെർമൽ സ്കാനർ ഉപയോ​ഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് ആളുകളെ മദ്യവിൽപനശാലകളിലേക്ക് കടത്തി വിടുന്നത്. മദ്യം വാങ്ങും മുൻപും ശേഷവും ആളുകളുടെ കൈകൾ സാനിറ്റൈസർ ഉപയോ​ഗിച്ച് കഴുകുന്നുണ്ട്. 

സംസ്ഥാനത്ത് മദ്യവിൽപനശാലകൾ തുറന്ന് ആദ്യമണിക്കൂ‍ർ പിന്നിടുമ്പോൾ എവിടേയും തിരക്ക് അനുഭവപ്പെടുന്നില്ല. പത്തിൽ താഴെ ആളുകളാണ് എല്ലാ മദ്യവിൽപനശാലകൾക്കും മുന്നിലുള്ളത്. ടോക്കണില്ലാതെ വരുന്നവരെയെല്ലാം മദ്യശാലകൾക്ക് മുന്നിൽ നിലയുറപ്പിച്ച പൊലീസ് മടക്കി അയക്കുന്നുണ്ട്. 

എന്നാൽ പൊതുവിൽ ടോക്കൺ ലഭിച്ചവ‍ർ അല്ലാതെ ആരും തന്നെ മദ്യവിൽപനശാലകളിലേക്ക് എത്തുന്നില്ല എന്നത് ആശ്വാസകരമാണ്. 15 മിനിറ്റ് സമയമാണ് മദ്യം വാങ്ങാനെത്തുന്നവർക്ക് അനുവദിക്കുന്നത്. നി‍ർദേശിക്കപ്പെട്ട 15 മിനിറ്റ് സമയത്ത് തന്നെ ഉപഭോക്താവ് മദ്യശാലയിൽ പ്രവേശിച്ച് മദ്യം വാങ്ങി മടങ്ങണം. 9 മുതൽ 9.15 വരെ, 9.15 മുതൽ 9.30 വരെ, 9.30 മുതൽ 9.45 എന്നിങ്ങനെയാണ് ഉപഭോക്താക്കൾക്ക് അനുവദിച്ചിരിക്കുന്ന ടൈം സ്ലോട്ടുകൾ. 

ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷമാണ് ബെവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായത്. എന്നാൽ ആ‍ർക്കും ഒടിപി ലഭിച്ചില്ല എന്നു പരാതി ഉയർന്നു. ഇന്നു രാവിലെയോടെ ഈ പ്രശ്നം പരിഹരിച്ചു. ഇന്ന് രാവിലെ ഒൻപത് മണിക്ക് മദ്യവിൽപനശാലകൾ തുറന്നെങ്കിലും ബെവ്കോ ഉദ്യോഗസ്ഥ‍‍ർക്കും ബാ‍ർ ജീവനക്കാർക്കും ബാ‍ർകോഡ് റീഡിം​ഗ് സൗകര്യം ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. തുട‍ർന്ന് മദ്യം വാങ്ങാനെത്തിയവരുടെ ടോക്കൺ നമ്പറും സമയും പരിശോധിച്ച് രേഖപ്പെടുത്തിയാണ് മദ്യം നൽകിയത്. 

4,65,000 പേ‍ർക്ക് ഒരുദിവസം ടോക്കൺ നൽകാനാണ് ബെവ്കോ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് രണ്ട് ലക്ഷത്തിലേറെ പേ‍ർക്ക് മദ്യം വാങ്ങാനായി ടോക്കൺ നൽകിയിട്ടുണ്ട്. ഇന്നത്തേക്കുള്ള ടോക്കൺ വിതരണം ഇതിനോടകം അവസാനിപ്പിച്ചു കഴിഞ്ഞു. നാളത്തേക്കുളള ടോക്കൺ വിതരണം ഇന്ന് ഉച്ചയ്ക്ക് ശേഷം ആരംഭിക്കും. 
 

click me!