
തിരുവനന്തപുരം: കേരളത്തിന്‍റെ പുറംകടലിൽ കപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇവരുടെ ശ്വാസകോശത്തിനടക്കം സാരമായി പൊള്ളലേറ്റിട്ടുണ്ട്. മംഗളൂരു എസ്ജെ ആശുപത്രിയിൽ ചികിത്സയിലുള്ള ലൂ എൻലി(ചൈന), സോണിറ്റൂർ എസൈനി(തായ്‌വാൻ) എന്നിവരാണ് അത്യാസന്ന നിലയിൽ കഴിയുന്നത്. അതേസമയം കപ്പലപകടത്തിൽ കാണാതായ നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്.
കപ്പലിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാനായി കോസ്റ്റ് ഗാർഡിന്‍റെ അഞ്ച് കപ്പലുകളാണ് ബേപ്പൂരിൽ നിന്ന് 88 നോട്ടിക്കൽ മൈൽ മാറി നിലയുറപ്പിച്ചിരിക്കുന്നത്. കൊളംബോയിൽ നവി മുംബൈയിലേക്ക് പോയ ചരക്കുകപ്പലാണ് ഇന്നലെ കത്തിയത്. രാത്രി വൈകിയും കപ്പലിലെ തീ നിയന്ത്രണാതീതമായി തുടരുകയായിരുന്നു. കണ്ടെയ്നറുകളിലുളള 20 ടൺ വെടിമരുന്ന്, പെയിന്‍റ് അടക്കമുള്ള ചരക്കുകളാണ് ഉഗ്രശബ്ദത്തോടെ കത്തുന്നത്. ഫയർ ഫൈറ്റിങ് യൂണിറ്റുകൾക്ക് തീപിടിച്ച കപ്പലിന് അടുത്തേക്ക് എത്താൻ സാധിച്ചിട്ടില്ല. കപ്പലിന്‍റെ മധ്യഭാഗത്തെ കണ്ടെയ്നറുകളാണ് ആദ്യം കത്തിയമർന്നത്. ഇതിനിടെ നിരവധി കണ്ടെയ്നറുകൾ കടലിൽ വീഴുകയും ചെയ്തു.
ആകെ 22 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ 18 പേരെ രക്ഷിക്കാൻ ഇന്ത്യൻ ഏജൻസികൾക്ക് സാധിച്ചു. നാല് പേരെയാണ് കാണാതായിരിക്കുന്നത്. കപ്പലിൽ തീപിടിത്തം ഉണ്ടായ ഘട്ടത്തിൽ തീയണക്കാനുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടവരാണ് ഇവരെന്നാണ് കരുതുന്നത്. രക്ഷിച്ച 18 പേരിൽ ഗുരുതരമായി പരിക്കേറ്റ 2 പേരടക്കം ആറ് പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിഷയങ്ങൾ ഇന്ന് ആശുപത്രിയിൽ നിന്ന് പുറത്തുവരുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam