പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി തുടരും; ഇടത് സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ജീവനക്കാര്‍

By Web TeamFirst Published Nov 16, 2020, 12:56 PM IST
Highlights

പദ്ധതിക്ക് നിയമസാധുത നല്‍കി ഇടതുപക്ഷ സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നിയമപരമായ ബാധ്യത നിറവേറ്റാനാണ് വിജ്ഞാപനം പുറത്തിറക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ നല്‍കിയ മറുപടി ഇതിന് വിരുദ്ധമാണ്.

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന ഇടതുസര്‍ക്കാരിന്‍റെ വാഗ്ദാനം നടപ്പാകില്ലെന്നുറപ്പായി. പുനപരിശോധന കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ തന്നെ, പദ്ധതിക്ക് നിയമസാധുത നല്‍കി  വിജ്ഞാപനമിറക്കി.സര്‍ക്കാരിന്‍റെ  ഇരട്ടത്താപ്പ് തെളിയിക്കുന്ന  വിവരാവകാശ രേഖകള്‍ ജീവനക്കാരുടെ സംഘടന പുറത്തുവിട്ടു

2013 ഏപ്രില്‍ മുതല്‍ നിയമനം ലഭിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കി യുഡിഎഫ് സര്‍ക്കാരാണ് ഉത്തരവിറക്കിയത്. ജീവനക്കാരുടെ ഭാഗത്തു നിന്നും വലിയ പ്രതിഷേധമുയര്‍ന്നു. അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന് ഇടതുമുന്നണി വാഗ്ദാനം നല്‍കി.

പങ്കാളിത്ത  പെന്‍ഷന്‍ ജീവനക്കാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുനപരിശധന സമിതിയെ നിയോഗിച്ചു. 2018 ല്‍ നിയമിച്ച സമിതിയുടെ കാലവാധി ഇതിനകം നാലു തവണ നീട്ടി. നിലവില്‍ അടുത്ത വര്‍ഷം ഏപ്രില്‍ 30 വരെയാണ് സമിതിയുടെ കാലവധി. നിലവിലെ സാഹചര്യത്തില്‍ കാലവാധി കഴിയുന്ന 2021 ഏപ്രില്‍ 30ന് മുമ്പ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല.

ഇതിനിടെ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പെന്‍ഷന്‍ പദ്ധതിക്ക് നിയമസാധുത നല്‍കി ഇടതുപക്ഷ സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നിയമപരമായ ബാധ്യത നിറവേറ്റാനാണ് വിജ്ഞാപനം പുറത്തിറക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ നല്‍കിയ മറുപടി ഇതിന് വിരുദ്ധമാണ്. പങ്കാളിത്ത പെന്‍ഷന്‍ പുനപരിശേധന സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിജ്ഞാപനമിറക്കിയതെന്നാണ് വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നത്.പിന്‍വിലക്കാമെന്ന് പറഞ്ഞ പദ്ധതിക്ക് നിയമസാധുത കൊണ്ടുവന്ന് വഞ്ചിച്ച സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരുടെ സംഘടന മുന്നറിയിപ്പ് നല്‍കി.

click me!