നിതീഷ് കുമാറിന്‍റെ സത്യപ്രതിജ്ഞ വൈകിട്ട്; മന്ത്രിസഭയില്‍ ബിജെപിക്ക് 60 ശതമാനം പ്രാതിനിധ്യം

By Web TeamFirst Published Nov 16, 2020, 12:40 PM IST
Highlights

വൈകുന്നേരം നാലരക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍  നിതീഷ് കുമാര്‍ അധികാരമേല്‍ക്കും. നിതീഷ് കുമാറിനൊപ്പം ജെഡിയുവിന്‍റെ 6 അംഗങ്ങളും. ബിജെപിയുടെ 7 പേരും, ഹിന്ദുസ്ഥാനി അവാംമോര്‍ച്ച, വിശാല്‍ ഇന്‍സാന്‍ പാര്‍ട്ടികളുടെ ഓരോ അംഗങ്ങളും പുതിയ മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്യും. 

പാട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറിനൊപ്പം പുതിയ മന്ത്രിസഭയിലെ പതിനഞ്ച് പേര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തേക്കും. മന്ത്രിസഭയില്‍ ബിജെപിക്ക് അറുപത് ശതമാനം പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് സൂചന. നിതീഷ് കുമാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള  ക്ഷണം തേജസ്വി യാദവ് നിരസിച്ചു.

തുടര്‍ച്ചയായ നാലാം തവണയും ബിഹാര്‍ സര്‍ക്കാരിന്‍റെ അമരത്തേക്ക് നിതീഷ് കുമാര്‍. വൈകുന്നരം നാലരക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍  നിതീഷ് കുമാര്‍ അധികാരമേല്‍ക്കും. നിതീഷ് കുമാറിനൊപ്പം ജെഡിയുവിന്‍റെ 6 അംഗങ്ങളും. ബിജെപിയുടെ 7 പേരും, ഹിന്ദുസ്ഥാനി അവാംമോര്‍ച്ച, വിശാല്‍ ഇന്‍സാന്‍ പാര്‍ട്ടികളുടെ ഓരോ അംഗങ്ങളും പുതിയ മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്യും. 

ബിജെപി നിയമസഭ കക്ഷി നേതാവായി തെരഞ്ഞടുത്ത താരകിഷോര്‍ പ്രസാദ്, ഉപനേതാവായി തെരഞ്ഞെടുക്കപ്പെട്ട രേണു ദേവി എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായേക്കും. അത്തരം സൂചനകള്‍ പുറത്ത് വരുന്നുണ്ടെന്ന് താരകിഷോര്‍ പ്രസാദ് പറഞ്ഞു. മുപ്പത്തിയാറംഗ മന്ത്രിസഭയാകും ബിഹാറില്‍ നിലവില്‍ വരികയെന്നാണ് സൂചന.

22 മന്ത്രിസ്ഥാനങ്ങള്‍ ബിജെപിക്കും 12 ജെഡിയുവിനും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വിഐപി പാര്‍ട്ടികള്‍ക്ക് ഓരോന്ന് വീതവുമെന്നാണ് നിലവിലെ വിവരം. സ്പീക്കര്‍ പദവിയും ബിജെപിക്കായിരിക്കും. മന്ത്രിസഭയിലേക്കില്ലെന്ന് ഹിന്ദുസ്ഥാനി അവാംമോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി വ്യക്തമാക്കിയെങ്കിലും, മകന്‍ സന്തോഷ് സുമനായി മാഞ്ചി ചരട് വലികള്‍ നടത്തുന്നുണ്ടെന്നാണ് സൂചന.

click me!