ചെന്നിത്തലക്ക് അധികാര ഭ്രാന്ത്, കുഴൽനാടൻ ആർഎസ്എസിന്റെ വക്കാലത്തെടുത്തു: ആഞ്ഞടിച്ച് വീണ്ടും ധനമന്ത്രി

By Web TeamFirst Published Nov 16, 2020, 12:41 PM IST
Highlights

ദില്ലിയിലെ ഏത് നിയമ സ്ഥാപനമാണ് പരാതി തയ്യാറാക്കി നൽകിയതെന്ന് വെളിപ്പെടുത്താൻ കുഴൽ നാടൻ തയ്യാറാകണം

തിരുവനന്തപുരം: കിഫ്ബി - സിഎജി വിവാദത്തിൽ കെപിസിസി സെക്രട്ടറി മാത്യു കുഴൽനാടനെടുത്ത വക്കാലത്തിൽ പിടിച്ച് രാഷ്ട്രീയ പോര് മുറുക്കിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. കുഴൽനാടൻ ആർഎസ്എസുകാരുടെ വക്കാലത്തെടുത്തെന്ന് വീണ്ടും ആരോപിച്ച ധനമന്ത്രി ഇങ്ങിനെയൊരാളെ കെപിസിസി സെക്രട്ടറിയായി ആവശ്യമുണ്ടോയെന്നും ചോദിച്ചു.

കിഫ്ബിക്ക് എതിരായ നീക്കത്തിന് പച്ചക്കൊടി വീശിയത് ആർഎസ്എസ് നേതാവ് റാം മാധവാണ്. രാഷ്ട്രീയ ഗൂഢാലോചന നടന്നു. രാമ നിലയത്തിൽ വെച്ച് ചർച്ച നടന്നു. നിയമസഭാ പാസാക്കിയ കിഫ്ബി നിയമത്തിൽ എല്ലാം കൃത്യമായി പറയുന്നുണ്ട്. കോർപറേറ്റ് ബോഡിയാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കെപിസിസി സെക്രട്ടറി മാത്യു കുഴൽനാടൻ ആർഎസ്എസുകാരുടെ വക്കാലത്തെടുത്തു. രഞ്ജിത് കാർത്തികേയനും കുഴൽനാടനും കൂടിക്കാഴ്ച നടത്തി. ആർഎസ്എസിന്റെ ഭാഗമാണ് സ്വദേശി ജഗരൺ മഞ്ച്. അവരുടെ കേസാണ് മാത്യു വക്കാലത്ത് എടുത്തത്. 

ദില്ലിയിലെ ഏത് നിയമ സ്ഥാപനമാണ് പരാതി തയ്യാറാക്കി നൽകിയതെന്ന് വെളിപ്പെടുത്താൻ കുഴൽ നാടൻ തയ്യാറാകണം. റാം മാധവുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് യഥാർത്ഥ പരാതി തയ്യാറാക്കിയത്. ആസൂത്രണമെല്ലാം നടന്നത് ദില്ലിയിലാണ്. സ്വദേശി ജാഗരൺ മഞ്ച് ആർഎസ്എസിന്റെ ഭാഗമല്ലെന്ന് പ്രഖ്യാപിക്കട്ടെ. ഇങ്ങിനെയൊരാളെ കെപിസിസി സെക്രട്ടറിയായി ആവശ്യമുണ്ടോയെന്നും ഐസക് ചോദിച്ചു.

സംസ്ഥാനത്തിന്റെ അധികാരത്തെ കുറിച്ചുള്ള തർക്കമാണ് ഇത്. കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഎം തിരിയുന്ന കാരണം ഇതാണ്. വിദേശത്ത് നിന്ന് മാത്രമല്ല രാജ്യത്തിന് അകത്ത് നിന്ന് പോലും വായ്പ എടുക്കാൻ കഴിയില്ല എന്നാണ് സിഎജി പറയുന്നത്. ഇതിനോട് പ്രതിപക്ഷം യോജിക്കുന്നുണ്ടോ? കിഫ്ബി വഴിയുളള വായ്പ തെറ്റാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടില്ല, പക്ഷേ ചെന്നിത്തല പറയുന്നു. പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റി.  പ്രതിപക്ഷ നേതാവ് ഒളിച്ചുകളി നിർത്തി ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിസർവ് ബാങ്ക്, സെബി അനുമതികളോടെയാണ് വായ്പ എടുത്തത്. അതൊന്നും സിഎജി മനസിലാക്കുന്നില്ല. നിയമപരമായി നേരിടാൻ ഒരു ഭയവും ഇല്ല. രാഷ്ട്രീയമായി നേരിടും. 

കിഫ്ബിയുമായി ബന്ധപ്പെട്ട് സർക്കാർ പരസ്യം കൊടുക്കും. അതിന് ആവശ്യത്തിൽ കൂടുതൽ പണം നൽകുന്നുണ്ട്. വേണ്ടെങ്കിൽ ചാനലുകൾ കൊടുക്കേണ്ടെന്നും ഐസക് പറഞ്ഞു. പെയ്ഡ് ന്യൂസ് ആണെങ്കിൽ കൊടുക്കേണ്ട. ആരെങ്കിലും നിർബന്ധിച്ചോയെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം ചോദിച്ചു. കേരളത്തിലെ മാധ്യമങ്ങൾ ബിജെപിക്ക് അനുകൂലമായി പെയ്ഡ് ന്യൂസ് നൽകുന്നു. കുറച്ചെങ്കിലും നിഷ്‌പക്ഷമാകണമെന്നും ഐസക് പറഞ്ഞു.

click me!