
കൊച്ചി: ഫ്രീഡം ക്വിസിൽ വി.ഡി സർവർക്കറെ ഉൾപ്പെടുത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയതിന് നടപടി നേരിട്ട അധ്യാപകന്‍റെ സസ്പെൻഷനുള്ള സ്റ്റേ ഹൈക്കോടതി രണ്ട് മാസത്തേക്ക് കൂടി നീട്ടി. കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂളിലെ അധ്യാപകനായ കെ. ഗുരുപ്രസാദ് റായിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ചോദ്യം തയ്യാറാക്കിയ അധ്യപകന്‍റെ സസ്പെൻഷന് നേരത്തെ കോടതി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഓഗസ്റ്റ് 19-ന് ഒരുമാസത്തേക്ക് സ്റ്റേ ചെയ്ത ഉത്തരവിന്‍റെ കാലാവധി നാളെ തീരാനിരിക്കെയാണ് വീണ്ടും നീട്ടിയത്.
സ്കൂൾതല സോഷ്യൽ സയൻസ് ക്ലബ് ക്വിസ് മത്സരത്തിന് വേണ്ടിയായിരുന്നു വിവാദ ചോദ്യം തയ്യാറാക്കിയത്. എൽപി സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഫ്രീഡം ക്വിസിൽ സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം വന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ചോദ്യാവലിയാണ് വിവാദമായത്. ആഗസ്റ്റ് ആറിന് എൽപി സ്കൂൾ കുട്ടികൾക്കായി നടത്തിയ ക്വിസ് പരിപാടിയിലാണ് ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടിവന്ന സ്വാതന്ത്ര്യ സമര സേനാനിയായി വിഡി സവർക്കറെ ഉൾപ്പെടുത്തിയത്. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആരാണെന്നായിരുന്നു ചോദ്യം. ഉത്തര സൂചികയിൽ വി ഡി സവർക്കർ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംഭവം വിവാദമായതോടെ അധ്യാപകനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഓഗസ്റ്റ് 9-നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഗുരുപ്രസാദ് റായിയെ സസ്പെൻഡ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam