
തിരുവനന്തപുരം: കടുത്ത വിമര്‍ശനത്തിന് പിന്നാലെ വര്‍ഗീയ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിച്ച് കൊണ്ടാണ് സജി ചെറിയാൻ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും തെറ്റിദ്ധരിച്ചുവെന്നത് തന്നെ വേദിനപ്പിക്കുന്നുവെന്ന് പറഞ്ഞാണ് ഖേദപ്രകടനം. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെ നിര്‍ദ്ദേശ പ്രകാരമാണിത്. എന്നാൽ പ്രസ്താവന കൊണ്ട് പ്രശ്നം തീരില്ലെന്നും സജിയെ സിപിഎം പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വര്‍ഗീയ ധ്രുവീകരണം അറിയാൻ കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കാൻ പറഞ്ഞ മന്ത്രിയുടെ പ്രസ്താവനക്കെതിരെ കനത്ത പ്രതിഷേധവും കടുത്ത വിമര്‍ശനവുമാണ് ഉയര്‍ന്നത്. വര്‍ഗീയ പ്രസ്താവന സിപിഎം അനുകൂലികളെ പോലും ഞെട്ടിച്ചു. എന്നിട്ടും മന്ത്രി തിരുത്താത്തിലും മുഖ്യമന്ത്രി മൗനം പാലിക്കുന്നതിലും വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി സജിയെ തിരുത്താത്തത് എന്തെന്ന് സംശയങ്ങളും ഉയര്‍ന്നു. സജിയുടെ വാക്കുകള്‍ ബൂമാറങ്ങായതോടെയാണ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാൻ പാര്‍ട്ടിയും മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ചത്. മൂന്ന് ദിവസം കഴിഞ്ഞാണ് പ്രസ്താവന മന്ത്രി സജി ചെറിയാൻ പിന്‍വലിക്കുന്നത്. തന്‍റെ വാക്കുകളെ വളച്ചൊടിച്ചെന്നാണ് വാര്‍ത്താക്കുറിപ്പിൽ സജിയുടെ വാദം. ഒരു വിഭാഗത്തിനെതിരെ താൻ പറഞ്ഞെന്ന പ്രചാരണമുണ്ടായി. തന്‍റെ പൊതുജീവിതത്തെ വര്‍ഗീയതയുടെ ചേരിയിൽ നിര്‍ത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാനാവില്ല. 42 വര്‍ഷത്തെ പൊതു ജീവിതം ഒരു വര്‍ഗീയതയോടെയും സമരസപ്പെട്ടല്ല കടന്നു പോയത്. വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്‍റെ സഹോദരങ്ങള്‍ക്ക് പ്രയാസവും വേദനയും ഉണ്ടാക്കി. താൻ പറഞ്ഞത് തെറ്റിദ്ധരിച്ച് തന്‍റെ ഉദ്ദേശ്യശുദ്ധിയെ മനസില്ലാക്കാതെ ആര്‍ക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രസ്താവന പിന്‍വലിക്കുന്നുവെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
വര്‍ഗീയ പ്രസ്താവന അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിലും തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് സജിയുടെ ഖേദ പ്രകടനം. വാര്‍ത്താക്കുറിപ്പ് ഇറക്കിയതോടെ വൈകീട്ട് മൂന്നരയ്ക്ക് ചെങ്ങന്നൂരിൽ വിളിച്ച വാര്‍ത്താ സമ്മേളനം മന്ത്രി റദ്ദാക്കി. നിയമസഭയിലും വര്‍ഗീയ പ്രസ്താവന പ്രതിരോധത്തിലാക്കുമെന്ന് കണ്ടാണ് പിന്‍വലിച്ചത്. എന്നാൽ പ്രതിപക്ഷം പിന്നോട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം എന്നെ വളരെയധികം വേദനിപ്പിക്കുന്നു. ഞാൻ എന്‍റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ എന്‍റെ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോൾ നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ.
മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന എന്റെ പൊതുജീവിതത്തെ വർഗ്ഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല.
രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ആക്രമണം നടത്തുമ്പോൾ അതിനെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന സി.പി.ഐ(എം) പ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ 42 വർഷത്തെ എന്റെ പൊതുജീവിതം ഒരു വർഗ്ഗീയതയോടും സമരസപ്പെട്ടല്ല കടന്നു പോയത്. ഇതിന്റെയെല്ലാം ഫലമായി ഒരുപാട് തിക്താനുഭവങ്ങൾ നേരിട്ടയാളുകൂടിയാണ് ഞാൻ. അത് എന്‍റെ നാട്ടിലെ ജനങ്ങൾക്കും എന്നെ അറിയുന്നവർക്കും അറിയാവുന്ന കാര്യമാണ്.
എന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്റെ സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി ഞാൻ മനസ്സിലാക്കുന്നു. ഞാൻ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചു എന്നതും എന്നെ വേദനിപ്പിക്കുന്നു. ഞാൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് എന്‍റെ ഉദ്ദേശശുദ്ധിയെ മനസ്സിലാക്കാതെ ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ നടത്തിയ പ്രസ്താവന പിൻവലിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam