ഹൈക്കോടതി ജ‍‍ഡ്‍ജിക്കെതിരായ വിവാദ പരാമർശം; യഹിയ തങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ

Published : May 30, 2022, 01:04 PM ISTUpdated : May 30, 2022, 01:09 PM IST
ഹൈക്കോടതി ജ‍‍ഡ്‍ജിക്കെതിരായ വിവാദ പരാമർശം; യഹിയ തങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ

Synopsis

അഭിഭാഷകനായ അരുൺ റോയ് ആണ് അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകിയത്; പത്ത് വയസ്സുകാരൻ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ യഹിയ തങ്ങൾ റിമാൻഡിൽ

കൊച്ചി: ഹൈക്കോടതി ജഡ്‍ജിക്കെതിരായ പോപ്പുലർ ഫ്രണ്ട് (POPULAR FRONT OF INDIA) നേതാവിന്റെ വിവാദ പരാമർശത്തിൽ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. അഭിഭാഷകനായ അരുൺ റോയ് ആണ് അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകിയത്. ജഡ്‍ജിക്കെതിരായ യഹിയ തങ്ങളുടെ പരാമർശം അപകീർത്തികരമാണെന്നാക്ഷേപിച്ചാണ് അഭിഭാഷകന്റെ നീക്കം.  

മതവിദ്വേഷ പ്രസംഗ കേസിൽ പി.സി.ജോർജിന് ജാമ്യം നൽകിയതുമായി ബന്ധപ്പെട്ടും ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കെതിരെ ജഡ്‍ജി നടത്തിയ പരാമർശത്തിനെതിരെയും യഹിയ തങ്ങൾ നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്നാണ് അപേക്ഷന്റെ വാദം. ജോ‍ർജിന് ജാമ്യം നൽകിയ ജസ്റ്റിസ് ഗോപിനാഥിനും ആലപ്പുഴയിലെ റാലിക്കെതിരെ പരാമർശം നടത്തിയ ജസ്റ്റിസ് കുഞ്ഞികൃഷ്ണനും എതിരെയായിരുന്നു പരിഹാസം. ജഡ്ജിമാരുടെ അടിവസ്ത്രത്തിന്റെ നിറം കാവിയായതാണ് ഇത്തരം പരാമർശങ്ങൾക്കിടയാക്കുന്നത് എന്നതായിരുന്നു വിവാദ പ്രസ്താവന. പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച എസ്‍പി ഓഫീസ് മാർച്ചിലായിരുന്നു ജസ്റ്റിസ് കുഞ്ഞികൃഷ്ണനെതിരായ പരാമർശം. 

യഹിയ തങ്ങൾ റിമാൻഡിൽ

ഈ മാസം 13 വരെയാണ് യഹിയ തങ്ങളെ കോടതി റിമാൻഡ് ചെയ്തത്. യഹിയയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പത്ത് വയസ്സുകാരൻ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിലാണ് യഹിയ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ സ്വദേശി ആയതിനാൽ പ്രതിയെ കാക്കനാട് സബ് ജയിലിലേക്ക് മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 

പിഎഫ്ഐയുടെ സംസ്ഥാന സമിതിയംഗമാണ് തൃശ്ശൂർ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങൾ. കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. റാലി നടത്തിയ സംഘാടകർക്കെതിരെ നടപടി എടുക്കാനും നിർദേശിച്ചു. സംഘടകർക്കാണ് ഉത്തരവാദിത്തം. ഒരാൾ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാൽ ഉത്തരവാദികൾക്കെതിരെ കേസ് എടുക്കണമെന്നും കോടതി നിർ‍ദേശിച്ചു. 

വിദ്വേഷ മുദ്രാവാക്യം വിളി; കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കി

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കി. ചൈൽഡ് ലൈൻ സഹായത്തോടെ എറണാകുളം ജനറൽ ആശുപത്രിയിലാണ് കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കിയത്. ആവശ്യമെങ്കിൽ തുടർ കൗൺസിലിംഗ് നൽകുമെന്ന് ചൈൽഡ് ലൈൻ അറിയിച്ചു. മാതാപിതാക്കൾക്കും കൗൺസിലിംഗ് നൽകുന്നത് പരിഗണനയിലാണെന്ന് അധികൃതർ വ്യക്തമാക്കി. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ പങ്കെടുത്തപ്പോൾ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരൻ പറഞ്ഞിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ
ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും