കെ.സുരേന്ദ്രൻ്റെ മരണം: ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് ഡിസിസി, ആരോപണം കടുപ്പിച്ച് സിപിഎം

By Web TeamFirst Published Jun 24, 2020, 5:46 PM IST
Highlights

സുരേന്ദ്രനെതിരായ ഫേസ്ബുക്ക് പോസ്റ്റിൽ തനിക്ക് പങ്കില്ലെന്നും മേയർ സ്ഥാനാർത്ഥിയായി സുരേന്ദ്രനെ തീരുമാച്ചിരുന്നതായി അറിയില്ലെന്നും ആരോപണം നേരിടുന്ന പികെ രാഗേഷ് പ്രതികരിച്ചു. 

കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ മരണത്തിന് പിന്നാലെ കോൺഗ്രസിലുണ്ടായ തമ്മിലടിയിൽ ഇടപെട്ട് സിപിഎം. പാർട്ടിക്കകത്ത് നേരിട്ട സൈബറാക്രമണത്തിൽ മനം നൊന്താണ് സുരേന്ദ്രൻ മരിച്ചതെന്ന കെപിസിസി അംഗത്തിന്റെ പരാതി പൊലീസ് അന്വേഷിക്കണമെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ആവശ്യപ്പെട്ടു. 

സുരേന്ദ്രനെതിരായ ഫേസ്ബുക്ക് പോസ്റ്റിൽ തനിക്ക് പങ്കില്ലെന്നും മേയർ സ്ഥാനാർത്ഥിയായി സുരേന്ദ്രനെ തീരുമാച്ചിരുന്നതായി അറിയില്ലെന്നും ആരോപണം നേരിടുന്ന പികെ രാഗേഷ് പ്രതികരിച്ചു. അതേസമയം സതീശൻ്റെ മരണത്തിൽ ഏതു അന്വേഷണം നേരിടാനും പാർട്ടി തയ്യാറണെന്ന് ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനി പറഞ്ഞു.

മൂന്ന് മാസം അപ്പുറം നടക്കാനിരിക്കുന്ന കോർപ്പറേഷൻ മേയർ തെര‌ഞ്ഞെടുപ്പിൽ കണ്ണുവച്ചാണ് കോൺഗ്രസിന്റെ ആഭ്യന്തര കലഹത്തിൽ സിപിഎം ഇടപെടുന്നത്. അടുത്ത മേയർ സ്ഥാനാർത്ഥിയായി യുഡിഎഫ് കണ്ടു വച്ച സുരേന്ദ്രന്റെ മരണം പാർട്ടിക്കത്ത് തന്നെയുണ്ടായ സൈബാറാക്രമണം കൊണ്ടാണെന്ന് കെപിസിസി അംഗം കെപ്രമോദ് പരസ്യ പ്രതികരണം നടത്തിയിരുന്നു. 

സുരേന്ദ്രനെതിരെ ദീവേഷ് ചേനോളിയെന്ന പ്രവാസിയായ കോൺഗ്രസ് പ്രവർത്തകനെകൊണ്ട് അഴിമതി ആരോപണവും ജാതി അധിക്ഷേപവും നടത്തിച്ചത് മേയർ കസേര നോട്ടമിട്ടിരിക്കുന്ന പികെ രാഗേഷാണെന്ന് നേതാക്കൾ അടക്കം പറയുന്നുണ്ട്.  ഇത് സത്യമല്ലെന്ന് വിശദീകരിക്കുന്ന പികെ രാഗേഷ് പക്ഷെ കെസുധാകരൻ സൈബർ ഗുണ്ടയന്ന് വിശേഷിപ്പിച്ച ദീവേഷിന് ക്ലീൻ ചിറ്റ് നൽകുന്നുണ്ട്.

കെ.സുരേന്ദ്രൻ്റെ മരണത്തിൽ ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനി പറഞ്ഞു. കെ.സുരേന്ദ്രന് നേരെ സൈബർ ആക്രമണം മുമ്പും ഉണ്ടായിട്ടുണ്ട്. സൈബർ ആക്രമണം  കെ.സുരേന്ദ്രനെ അലട്ടിയിട്ടില്ലെന്നും പാച്ചേനി പറയുന്നു. ഇക്കാര്യങ്ങളെല്ലാം കെപിസിസി അംഗം കെ.പ്രമോദ് പാർട്ടിയോട് സൂചിപ്പിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 
 
കെ.സുരേന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയയാളെ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. സംഭവത്തിൽ നിയമപരമായ പരാതി നാളെ കഴിഞ്ഞ് നൽകും. മരിച്ച ദിവസം രാവിലെ കെ.സുരേന്ദ്രനെ ഒരാൾ ഭീഷണിപ്പെടുത്തിയിരുന്നു. ആ ഭീഷണിയിൽ പരാതി നൽകിയിരുന്നു. പക്ഷേ അന്വേഷണം എങ്ങുമെത്തിയില്ല. ഇതിന് ഉത്തരവാദി സിപിഎമ്മാണ്. അതേസമയം സുരേന്ദ്രന്റെ ചിത കെട്ടടങ്ങും മുൻപ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ പരസ്പരം പോരടിക്കുന്നതിൽ കെപിസിസി നേതൃത്വം ഡിസിസിയെ അതൃപ്തി അറിയിച്ചു.
 

click me!