വിവാദ ഇടപാടുകാരൻ, രാജേഷ് കൃഷ്ണ പാര്‍ട്ടി കോണ്‍ഗ്രസില്‍ എത്തിയത് എങ്ങനെ? പുറത്താക്കിയിട്ടും വിവാദം തുടരുന്നു

Published : Apr 03, 2025, 10:29 AM IST
വിവാദ ഇടപാടുകാരൻ, രാജേഷ് കൃഷ്ണ പാര്‍ട്ടി കോണ്‍ഗ്രസില്‍ എത്തിയത് എങ്ങനെ? പുറത്താക്കിയിട്ടും വിവാദം തുടരുന്നു

Synopsis

രാജേഷ് കൃഷ്ണ സമ്മേളന പ്രതിനിധിയായി എത്താൻ ഇടയായ സാഹചര്യം സമ്മേളനം കഴിഞ്ഞാലും പാർട്ടിയിൽ വിവാദമായി ഉയരും.  പാർട്ടി കോൺഗ്രസിന് യുകെയിൽ നിന്നെത്തിയ യുകെ മലയാളിയും പത്തനംതിട്ട സ്വദേശിയുമായ രാജേഷ് കൃഷ്ണയെ ഇന്നലെയാണ് കേന്ദ്ര കമ്മിറ്റി തിരിച്ചയച്ചത്.

തിരുവനന്തപുരം: വിവാദ ഇടപാടുകാരനായ യുകെ മലയാളി സിപിഎം പാർട്ടി കോൺഗ്രസിൽ എത്തിയതിൽ കേരളത്തിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പ്. രാജേഷ് കൃഷ്ണ സമ്മേളന പ്രതിനിധിയായി എത്താൻ ഇടയായ സാഹചര്യം സമ്മേളനം കഴിഞ്ഞാലും പാർട്ടിയിൽ വിവാദമായി ഉയരും. വിഷയത്തില്‍ ചർച്ച ആവശ്യപ്പെടാന്‍ സാധ്യത. പാർട്ടി കോൺഗ്രസിന് യുകെയിൽ നിന്നെത്തിയ യുകെ മലയാളിയും പത്തനംതിട്ട സ്വദേശിയുമായ രാജേഷ് കൃഷ്ണയെ ഇന്നലെയാണ് കേന്ദ്ര കമ്മിറ്റി തിരിച്ചയച്ചത്. കേരളത്തിലെ ചില ഉന്നത നേതാക്കളുമായി അടുപ്പമുള്ള രാജേഷിന്റെ വിവാദ ഇടപാടുകൾ ചൂണ്ടികാട്ടി പരാതി എത്തിയതോടെയാണ് അസാധാരണ പുറത്താക്കൽ.

ബ്രിട്ടനിലെ സിപിഎം അനുകൂല സംഘടനയായ എഐസിയെ പ്രതിനിധീകരിച്ചാണ് രാജേഷ് കൃഷ്ണ പാർട്ടി കോൺഗ്രസിനായി എത്തുന്നത്. ബ്രിട്ടൻ സെക്രട്ടറിയായ ഹർസേവ് ആയിരുന്നു മറ്റൊരു പ്രതിനിധി. പത്തനംതിട്ടയിലെ മുൻ എസ്എഫ്ഐ ഏരിയ സെക്രട്ടറിയായ രാജേഷ് ബ്രിട്ടനിലാണ് നിലവിൽ താമസം. സിനിമാ നിർമ്മാതാവ് കൂടിയായ രാജേഷ് കൃഷ്ണ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം മധുരയിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര കമ്മിറ്റിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് രാജേഷ് കൃഷ്ണയെ തിരിച്ചയക്കാൻ തീരുമാനിച്ചത്.

ഇയാൾക്കെതിരെ നേരത്തെ ഒരു സിനിമ സംവിധായകയുടെ ഭർത്താവ് സാമ്പത്തിക തട്ടിപ്പ് പരാതിയുമായും രംഗത്ത് വന്നിരുന്നു.  രാജേഷിന്റെ മറ്റ് വിവാദ ഇടപാടുകൾ  കൂടി ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കമ്മിറ്റിക്ക് പരാതി എത്തിയത് എന്നാണ് വിവരം. കേരളത്തിലെ പാർട്ടിയിലെ ചില നേതാക്കളും കുടുംബാംഗങ്ങളുമായി രാജേഷിന് അടുത്ത ബന്ധമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ശ്രീരാമകൃഷ്ണൻ അടക്കമുള്ളവരുടെ ലണ്ടൻ യാത്രയിലും സഹായിയായത് രാജേഷ് കൃഷ്ണയാണ്.

അതേസമയം പാർട്ടി കോൺഗ്രസ്സിൽ രാജേഷ് പങ്കെടുക്കുന്നതിൽ എംഎ ബേബി അടക്കം സംസ്ഥാനത്തെ മറ്റ് ചില നേതാക്കൾക്ക് ശക്തമായ എതിർപ്പുണ്ടെന്നാണ് സൂചന. എം എ ബേബി തന്നെയാണ് പാർട്ടി തീരുമാന പ്രകാരം മടങ്ങിപോകാൻ രാജേഷിനോട് പറഞ്ഞത്. പാർട്ടി കോൺഗ്രസ്‌ പ്രതിനിധിയെ വിവാദ ബന്ധത്തിന്റെ പേരിൽ തിരിച്ചയക്കുന്നത് അസാധാരണ നടപടിയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അമ്പത് ലക്ഷമാണ് ഓഫർ കിടക്കുന്നത്, ഒന്നും അറിയണ്ട കസേരയിൽ കയറി ഇരുന്നാൽ മതി'; ബ്ലോക്ക് പ‌ഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി ലീഗ് സ്വതന്ത്രൻ
ഇന്ന് 149-ാമത് മന്നം ജയന്തി, എൻഎസ്എസ് ആസ്ഥാനത്ത് വിപുലമായ ആഘോഷങ്ങൾ