'അറ്റ് ഹോം' ഉപേക്ഷിച്ചതിനെ ചൊല്ലി വിവാദം; ഗവർണർ സൽക്കാരം ഒഴിവാക്കിയതിന് പിന്നിൽ സർക്കാരുമായുള്ള ഭിന്നതയോ?

Published : Aug 12, 2022, 01:45 PM ISTUpdated : Aug 12, 2022, 02:31 PM IST
'അറ്റ് ഹോം' ഉപേക്ഷിച്ചതിനെ ചൊല്ലി വിവാദം; ഗവർണർ സൽക്കാരം ഒഴിവാക്കിയതിന് പിന്നിൽ സർക്കാരുമായുള്ള ഭിന്നതയോ?

Synopsis

'അറ്റ് ഹോം' സൽക്കാരം ഒഴിവാക്കിയത് സർക്കാരിൽ നിന്ന് ആവശ്യപ്പെട്ട പണം ലഭിച്ച ശേഷം. മഴക്കെടുതിയെ തുടർന്നെന്ന വിശദീകരണം എത്തിയത് പിന്നീട് 

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള 'അറ്റ് ഹോം' സൽക്കാരം ഗവർണർ ഉപേക്ഷിച്ചത് സർക്കാരുമായുള്ള ഭിന്നത കാരണമെന്ന് സൂചന. സ്വാതന്ത്ര്യ ദിന സൽക്കാരത്തിന് പണം ആവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കത്ത് അയച്ചിരുന്നു. ഈ മാസം 6ന് സർക്കാർ 15 ലക്ഷം അനുവദിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് 'അറ്റ് ഹോം' ഉപേക്ഷിച്ചതായി ഗവർണറുടെ ഓഫീസ് വ്യക്തമാക്കിയത്. മഴ മൂലം സംസ്ഥാനത്തെ ജനങ്ങൾക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് തീരുമാനമെന്നും ഗവർണറുടെ ഓഫീസ് അറിയിച്ചു. ഇതിനായി ചെലവാകുന്ന തുക ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ വിനിയോഗിക്കാനും ഗവർണർ നിർദേശിച്ചിരുന്നു. 

ഈ മാസം ആദ്യം മുതൽ കനത്തമഴ ഉണ്ടായിട്ടും പരിപാടി വേണ്ടെന്ന് വെക്കുന്ന കാര്യം രാജ് ഭവൻ സർക്കാറിനെ അറിയിച്ചിരുന്നില്ല. പണം അനുവദിച്ച് കഴിഞ്ഞ ശേഷം ഇന്നലെയാണ് പരിപാടി ഉപേക്ഷിച്ചതായി രാജ്ഭവൻ വിശദീകരിച്ചത്.  മുഖ്യമന്ത്രി അടക്കമുള്ളവർക്കാണ് ഓഗസ്റ്റ് 15ന്  ഗവർണർ സൽക്കാരം നൽകാറുള്ളത്. 

ഓർ‍ഡിനൻസിൽ ഒപ്പിടില്ലെന്ന നിലപാടിൽ ഗവർണർ ഉറച്ചുനിന്നതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സർക്കാർ-ഗവർണർ പോര് സജീവമായത്. ഓർഡിനൻസ് രാജ് അനുവദിക്കില്ലെന്ന് വ്യക്തമാക്കി, ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ളവ ഒപ്പിടാതെ ഗവ‍ർണർ പിടിച്ചുവച്ചതോടെ  അസാധുവായ ഓ‌ർഡിനൻസുകൾക്ക് പകരം ബിൽ പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ നിർബന്ധിതരായിരുന്നു. ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമനിർമാണത്തിന് മാത്രമായി സഭ ചേരും. സഭ സമ്മേളിക്കാനുള്ള മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചിരുന്നു. പിന്നാലെ ബിൽ പാസാക്കാൻ സഭ വിളിച്ചതിനെ സ്വാഗതം ചെയ്ത് ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തുകയും ചെയ്തു. അതേസമയം സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ ഗവർണർക്കുള്ള അതൃപ്തി തുടരുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിൽ അടക്കം കണ്ണൂർ വിസിക്കെതിരായ അമർഷം ഗവർണർ ഇന്നലെ പ്രകടിപ്പിച്ചിരുന്നു. വിസിയുടെ വിശദീകരണത്തിന് പിന്നാലെ കർശന നടപടി ഉണ്ടാകുമെന്നാണ് ഗവർണർ നൽകുന്ന സൂചന. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഗവർണർക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തിയിരിക്കുന്നത്. 

ഗവർണർ കൈവിട്ട കളി കളിക്കുന്നുവെന്ന് കോടിയേരി; ഭരണഘടനാനുസൃതമായി സർക്കാർ ഇടപെടുമെന്ന് മുന്നറിയിപ്പ്

ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകളിൽ ഒപ്പിടാൻ കൂട്ടാക്കാതെ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ ഗവർണറെ കടന്നാക്രമിച്ച് സിപിഎം. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ  ഇടപെടൽ ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബോധപൂർവം ഗവർണർ കൈവിട്ട് കളിക്കുകയാണ്. ഇത് ജനാധിപത്യ പ്രക്രിയയെ ദുർബലമാക്കുമെന്ന് കോടിയേരി ആരോപിച്ചു. ഗവർണറെ സംസ്ഥാന സർക്കാരിനെതിരെ തിരിക്കുകയാണ് ബിജെപി.  ഗവർണറെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കുന്നതാണ് മറ്റ് സംസ്ഥാനങ്ങളിലെ രീതി. കേരളത്തിലും അതിനുള്ള ശ്രമം നടക്കുകയാണെന്നും കോടിയേരി ആരോപിച്ചു. 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി