
കൊല്ലം: കൊല്ലം ജില്ലാ കലോത്സവത്തിൽ ഭാരതാംബ ചിത്രത്തെ ചൊല്ലി തർക്കം.ദേശീയ അധ്യാപക പരിഷത്ത് വേദിക്ക് സമീപമുള്ള സ്റ്റാളിൽ കെട്ടിയ ബാനറിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നു. കലോത്സവ സ്ഥലത്ത് നിന്ന് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമുള്ള ബാനര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെത്തി. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടായി. നീക്കം ചെയ്യുന്നതിനെതിരെ അധ്യാപക പരിഷത്ത് പ്രവര്‍ത്തകരും രംഗത്തെത്തി. ഡിഡിഇ നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ ഭാരതാംബയുടെ ചിത്രം കർട്ടൺ ഉപയോഗിച്ച് മറച്ച് തർക്കം പരിഹരിക്കുകയായിരുന്നു. കലോത്സവത്തിന് എത്തുന്ന പ്രതിഭകലെ സ്വാഗതം ചെയ്തുകൊണ്ട് ദേശീയ അധ്യാപക പരിഷത്ത് കേരള ഘടകമാണ് ബാനര്‍ സ്ഥാപിച്ചത്. ബാനറിൽ കലോത്സവ സംഘാടക സമിതിയിലെ സ്റ്റേജ് ആന്‍ഡ് പന്തൽ കമ്മിറ്റിയുടെ ആശംസ അറിയിച്ചുള്ള ബാനറിലാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമുള്ളത്. ഒരു ഭാഗത്ത് സ്വാമി വിവേകാനന്ദന്‍റെ ചിത്രവും ഉണ്ട്. കലോത്സവ വേദിയ്ക്ക് സമീപം ഇത്തരത്തിലൊരു ബാനര്‍ സ്ഥാപിച്ചത് തെറ്റായ നടപടിയണെന്ന് ചൂണ്ടികാണിച്ചാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രതിഷേധിച്ചത്.