
തിരുവനന്തപുരം: ജവാൻ റം ഉത്പാദനം നിർത്തി വെച്ച വിവാദത്തില്‍ പ്രത്യേക സംഘത്തെ കൊണ്ട് വിപുലമായ അന്വേഷണം നടത്താൻ സര്‍ക്കാര്‍ തീരുമാനം. തിരുവല്ലയിലെ പ്ലാന്‍റിൽ പതിവായി മദ്യനിര്‍മാണം നിര്‍ത്തിവെക്കാറുണ്ടെന്നും വിദേശ മദ്യ കമ്പനികളെ സഹായിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണിതെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്ലാന്റിലേക്ക് നിര്‍മാണവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പെടെ എല്ലാ ഇടപാടുകളും വിശദമായി അന്വേഷിക്കാനാണ് തീരുമാനം.
ഒന്നും നിഷ്ക്കളങ്കമല്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. യുഡിഎഫ് അധികാരത്തിൽ വന്നതിന് പിന്നാലെ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍റ് കെമിക്കൽസ് അടച്ചിടുന്ന ജൂണ്‍ 11 മുതൽ. ജവാൻ റം ഉല്‍പ്പാദിപ്പിക്കുന്ന പൊതുമേഖല സ്ഥാപനം. പ്ലാന്റ് അടച്ചിടുന്നതിന് ഉദ്യോഗസ്ഥര്‍ പറഞ്ഞ കാരണം കേട്ട് സര്‍ക്കാര്‍ ഞെട്ടി. ഗള്‍ഫ് യുദ്ധം മൂലം പ്ലാസ്റ്റിക് ബോട്ടിലിന്‍റെയും അലൂമിനിയം മൂടിയുടേയും വില വര്‍ധിച്ചു. വിതരണക്കാരനുമായി 2017 വരെ കരാര്‍ നിലവിലുണ്ട്. പക്ഷേ വില കുറക്കുന്നത് സംബന്ധിച്ച് വിതരണ കമ്പനിയുമായി ഒരു ചര്‍ച്ചയും നടത്തിയില്ല. ബദല്‍ മാര്‍ഗം തേടിയില്ല. പ്രതിസന്ധി സര്‍ക്കാരിനെ അറിയിച്ചുമില്ല. ഇതോടെയാണ് ഗുഢാലോചന സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്നതും നികുതി വകുപ്പ് സെക്രട്ടറിയെ കൊണ്ട് പ്രാഥമിക അന്വേഷണം നടത്തിയതും.
പ്ലാൻറ് അടച്ചിടുന്നത് പതിവ് സംഭവമെന്നായിരുന്നു പ്രധാന കണ്ടെത്തല്‍. കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ രണ്ടാഴ്ച ഇത് പോലെ റമ്മിന്റെ ഉത്പാദനം നിര്‍ത്തി വെച്ചിരുന്നു. അന്ന് പറഞ്ഞ ന്യായീകരണം പ്ലാന്‍റിന്‍റെ മെയിന്‍റനന്‍സ്. മുന്‍ വര്‍ഷങ്ങളിലും സമാന സംഭവങ്ങള്‍ അരങ്ങേറി. ഈ സാഹചര്യത്തില്‍ പ്രത്യേക സംഘത്തെ കൊണ്ട് തന്നെ അന്വേഷിപ്പിക്കണം എന്നായിരുന്നു നികുതി വകുപ്പ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിൽപനയുള്ള മദ്യമാണ് ജവാൻ റം. ദിവസേന പ്ലാൻറിൽ 10000 കേയ്സ് മദ്യം ഉത്പാദിപ്പിക്കുന്നുണ്ട്. അതായത് 5 കോടി രൂപക്കുള്ള മദ്യം. നിര്‍മാണം നിര്‍ത്തിവെച്ചാൽ മറ്റ് മദ്യ കമ്പനികള്‍ക്ക് കോടികള്‍ വാരാം. ഇത് തന്നെയാണ് ഇടക്കിടെയുള്ള പ്ലാൻറ് അടച്ചിടലിന് പിന്നിലെന്നാണ് നിഗമനം. നികുതി വകുപ്പ് സെക്രട്ടറിയുടെ അടിസ്ഥാനത്തിൽ നാലംഗം പ്രത്യേക സംഘം ഉടന്‍ അന്വേഷണം തുടങ്ങും.
എക്സൈസ് ജോയിൻറ് കമ്മീഷണര്‍ വൈ ഷിബു, ഡെപ്യുട്ടി എക്സൈസ് കമീഷണര്‍ സി കെഅനില്‍കുമാര്‍,നികുതി വകുപ്പ് അണ്ടര്‍ സെക്രട്ടറി സി കെ അനില്‍കുമാര്‍, സെക്ഷന്‍ ഓഫീസര്‍ ഡി പ്രേംലാൽ എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങള്‍. പ്ലാന്റിലേക്ക് നിര്‍മാണവസ്തുക്കള്‍ വാങ്ങുന്നതിലും കള്ളക്കളിയുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ പര്‍ച്ചേസ് ഇടപാടുകളും വിശദമായി അന്വേഷിക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam