ഊരാളുങ്കലിന് ക്ലീൻചിറ്റ് നൽകിയതും ബന്ധുനിയമനങ്ങളും തെറ്റാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. പി എസ് സി ക്രമക്കേടിൽ എസ്ഐടി അന്വേഷണം വേണമെന്നും അഴിമതിക്കാരെ ജയിലിൽ അടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പത്തനംതിട്ട: വി ഡി സതീശൻ സർക്കാർ യൂ ടേൺ സർക്കാരെന്ന് ജനങ്ങൾ സംശയിച്ചാൽ കുറ്റം പറയാനാകില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ. ഊരാളുങ്കലിന് അന്വേഷണം പോലും നടത്താതെ ക്ലീൻചിറ്റ് കൊടുത്തത് തെറ്റ്. പ്രതിപക്ഷത്തിരുന്നപ്പോൾ അഴിമതി ആരോപണം ഉന്നയിച്ചതാണ്. പി എസ് സി ക്രമക്കേട് വിവാദത്തിൽ എസ്ഐടിയെ സർക്കാർ നിയോഗിക്കണം. അഴിമതിക്കാരെ ജയിലിൽ അടയ്ക്കണം. അല്ലെങ്കിൽ ഈ സർക്കാരിനെതിരെ ജനം തിരിയുമെന്നും പി ജെ കുര്യൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബന്ധു നിയമനത്തിൽ ഔചിത്യക്കുറവുണ്ടെന്നും പി ജെ കുര്യൻ വിമർശിച്ചു. സ്റ്റാഫ് നിയമനങ്ങളിൽ ഉൾപ്പെടെ പാർട്ടി പരിശോധന അനിവാര്യമാണ്. പാർട്ടി - സർക്കാർ ഏകോപനത്തിന് കമ്മിറ്റി അത്യാവശ്യമാണ്. വീര്യം കുറഞ്ഞ മദ്യ വിവാദത്തിൽ ആദ്യം യുഡിഎഫിൽ തീരുമാനക്കണമായിരുന്നുവെന്നും ഏത് നയവും പാർട്ടിയിലും യുഡിഎഫിലും ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും പി ജെ കുര്യൻ നിർദേശിച്ചു. കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം എന്നും കുര്യൻ ആവശ്യപ്പെട്ടു.

"ഈ സർക്കാരിനെ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ അധികാരത്തിലേറ്റിയത്. വാക്ക് പാലിക്കുന്ന സർക്കാരായിരിക്കും എന്ന പ്രതീക്ഷ ജനങ്ങൾക്കുണ്ട്. ചില കാര്യങ്ങളിൽ യൂ ടേണ്‍ ആണോയെന്ന് ജനങ്ങൾ സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല. ബന്ധു നിയമനമൊക്കെ നടക്കുമ്പോൾ ജനങ്ങൾ നെറ്റി ചുളിക്കും. സിപിഎമ്മിന്‍റെ പണത്തിന്‍റെ കേന്ദ്രം ഊരാളുങ്കലാണെന്ന് പറഞ്ഞ സ്ഥിതിക്ക് ഒരു അന്വേഷണം പോലും ഇല്ലാതെ സഭയിൽ ക്ലീൻ ചിറ്റ് കൊടുത്തത് ശരിയായില്ല"- എന്നാണ് പി ജെ കുര്യൻ പറഞ്ഞത്.

YouTube video player