കേരള പോലീസിന്റെ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പിടികിട്ടാപുള്ളിയാണ് സുകുമാരക്കുറുപ്പ്. ഐജി അജിത ബീഗത്തിൻ്റെ നേതൃത്വത്തിൽ കേസിൻ്റെ പരിശോധന നടത്തിയിരിക്കുകയാണ്.

തിരുവനന്തപുരം: നാലു പതിറ്റാണ്ടിന് ശേഷം സുകുമാരകുറുപ്പിനെ തേടി വീണ്ടും ക്രൈം ബ്രാഞ്ച്. എൺപതുകളിൽ കൊൽക്കത്തയിൽ വെച്ച് കുറുപ്പിനെ കണ്ടെന്ന് പറഞ്ഞ നഴ്സ് രത്നമ്മയുടെ മൊഴി ക്രൈം ബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. തെളിയാതെ കിടക്കുന്ന കേസുകള്‍ തീർപ്പാക്കുന്നതിൻെറ ഭാഗമായാണ് സംസ്ഥാന ചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ വീണ്ടും അന്വേഷണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1984 ജനുവരി 22നാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്. സുകുമാരക്കുറുപ്പിൻെറ രൂപസാദൃശ്യമുള്ള ഫിലിം റെപ്രസൻറീവ് ചാക്കോയെ കഴുത്തു ഞെരിച്ച് കൊന്ന് സ്വന്തം കാറിലിട്ട് ചുട്ടെരിക്കുകയായിരുന്നു. മരിച്ചത് കുറുപ്പാണെന്ന വരുത്തി തീർത്ത് ഇൻഷുറൻസ് തുക തട്ടിയെടുക്കാനായിരുന്നു അരുംകൊല. കൊലക്ക് ശേഷം മുങ്ങിയ കുറുപ്പിനെ കണ്ടെത്താൻ ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചുമെല്ലാം പടിച്ച പണി പതിനെട്ടു നോക്കിയെങ്കിലും കിട്ടിയില്ല.

വിവിധ വേഷങ്ങളിൽ കുറുപ്പ് പല സ്ഥലത്തും കറങ്ങി നടന്നു. കൈയെത്തും ദൂരത്തു നിന്നും കുറുപ്പ് പൊലീസിനെ വെട്ടിച്ചു കടന്നു. മാവേലിക്കര കോടതിയിലെ ലോങ് പെറ്റിംഗ് കേസുകളിലെന്നാണ് സുകുമാര കുറുപ്പ് കേസ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ഇന്ന് ജീവിച്ചിരിപ്പുണ്ടോ, ഇല്ലയോ എന്ന വ്യക്തമല്ല. ആലപ്പുഴ ക്രൈം ബ്രാ‍ഞ്ച് എസ്പിയായിരുന്ന ഷൗക്കത്തലി കുറുപ്പിന് എന്തു സംഭവിച്ചുവെന്നറിയാൻ ഇടക്ക് ഫയൽ തട്ടിയെടുത്ത് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല.

ക്രൈം ബ്രാഞ്ചിൽ കെട്ടികിടക്കുന്ന കേസുകള്‍ തീർപ്പാക്കാനായി ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവ് നടക്കുകയാണ്. അതിന്‍റെ ഭാഗമാണ് കുറുപ്പിലുള്ള പുതിയ അന്വേഷണം. വേഷം മാറി നടന്ന കുറുപ്പ് കൊൽക്കത്തയിലെ ആശുപത്രിയിൽ മുമ്പ് ചികിത്സ തേടിയിരുന്നു. അന്ന് ആശുപത്രിയിൽ വച്ച് കുറുപ്പിനെ കണ്ട ആലപ്പുഴ സ്വദേശിയായ നഴ്സ് രത്നമ്മ പൊലിസിന് വിവരം കൈമാറിയിരുന്നു. 

പൊലീസെത്തിയപ്പോള്‍ കുറുപ്പ് കടന്നു. പിന്നയാരും കുറുപ്പിനെ കണ്ടിട്ടില്ല. 61 വയസ്സുള്ള രത്നമ്മ ഇപ്പോള്‍ നാട്ടിലെത്തി. വീണ്ടും അന്വേഷണം തുടങ്ങുന്നതിൻെറ ഭാഗമായി രത്നമ്മയുടെ മൊഴി രേഖപ്പെടുത്തി. പക്ഷെ കൃത്യമായ വിവരമൊന്നും നൽകാൻ രത്നമ്മക്ക് കഴിയുന്നില്ല. 42 വർഷത്തിന് ശേഷം ക്രൈം ബ്രാഞ്ച് നടത്തുന്ന ദൗത്യം വിജയത്തിലെത്തുമോ? പൊലീസിനെ കബളിപ്പിച്ച് കടന്ന കുറുപ്പിന് എന്തു സംഭവിച്ചു? വീണ്ടും ചർച്ചകളിൽ സുകുമാരക്കുറുപ്പ് നിറയുന്നു. 

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming