കൺവെൻഷൻ സെന്‍ററിന് പ്രവർത്തനാനുമതി നൽകിയത് പി കെ ശ്യാമളയെ രക്ഷിക്കാൻ: ചെന്നിത്തല

By Web TeamFirst Published Jul 6, 2019, 5:46 PM IST
Highlights

സാജന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാതിരിക്കാന്‍ നഗരസഭ കണ്ടെത്തിയ അസംബന്ധങ്ങളെ തള്ളിക്കളഞ്ഞ് ലൈസന്‍സ് നല്‍കുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്‍റെ കൺവെൻഷൻ സെന്‍ററിന് പ്രവർത്തനാനുമതി നല്‍കാൻ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നഗരസഭാ ചെയര്‍ പേഴ്സണ്‍ പി കെ ശ്യാമളയെ രക്ഷിച്ചെടുക്കാനുള്ള കുരുട്ടു വിദ്യയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

"ചട്ടലംഘനങ്ങള്‍ അടിയന്തരമായി പരിഹരിച്ചാല്‍ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ആന്തൂര്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇത് വിചിത്രമായ ഉത്തരവാണ്. ചട്ടലംഘനം പരിഹരിച്ചാല്‍ അനുമതി നല്‍കുന്നതിന് സര്‍ക്കാര്‍ പ്രത്യേകിച്ച് ഉത്തരവിടേണ്ട കാര്യമുണ്ടോ?" ചെന്നിത്തല ചോദിച്ചു. 

സാജന്‍റെ കണ്‍വന്‍ഷന്‍ സെന്‍ററിന് അനുമതി നിഷേധിക്കാന്‍ നഗരസഭ മനപൂര്‍വ്വം കുത്തിപ്പൊക്കിയ തടസവാദങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും അവ പരിഹരിക്കാന്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉടമയോട് ആവശ്യപ്പെടുകയുമാണ് യഥാര്‍ത്ഥത്തില്‍ ഈ ഉത്തരവിലൂടെ ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. 

കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വികലാംഗര്‍ക്ക് വീല്‍ചെയര്‍ കയറ്റാനുള്ള റാമ്പിന് ചരിവ് കുറഞ്ഞു, ബാല്‍ക്കണിയുടെ വീതി കൂടിപ്പോയി,  ജലസംഭരണി പണിതത് തുറസായ സ്ഥലത്താണ് തുടങ്ങിയ നിസാര കാരണങ്ങള്‍ പറഞ്ഞാണ് ഒരു വലിയ സംരംഭത്തിന് നഗരസഭ അനുമതി നിഷേധിച്ചതെന്നും അതിനെത്തുടര്‍ന്നാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  

നഗരസഭ കുത്തിപ്പൊക്കിയ ഈ കുഴപ്പങ്ങള്‍ പരിഹരിച്ചാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും അത് നഗരസഭയുടെ നിലപാടിനെ സര്‍ക്കാര്‍ മറ്റൊരു വഴിയിലൂടെ ശരിവയ്ക്കുന്നതിന്‍റെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു.

ഇതിലൂടെ സാജന്‍റെ മരണത്തിന് യഥാര്‍ത്ഥ ഉത്തരവാദിയായ ചെയര്‍പേഴ്സണെ രക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമം നടത്തിയിരിക്കുന്നത്.  സാജന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാതിരിക്കാന്‍ നഗരസഭ കണ്ടെത്തിയ അസംബന്ധങ്ങളെ തള്ളിക്കളഞ്ഞ് ലൈസന്‍സ് നല്‍കുകയാണ് ചെയ്യേണ്ടിയിരുന്നത്. അതിന് തയ്യാറാകാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ജൂണ്‍ 18 നാണ് ബക്കളത്തെ പാർത്ഥാസ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉടമയും വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ സാജന്‍ പാറയില്‍ (48) ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയില്‍ 15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച കൺവെൻഷൻ സെന്‍ററിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതിന്‍റെ മനോവിഷമത്തിലാണ് സാജന്‍ ആത്മഹത്യ ചെയ്‌തത്‌. 

നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സാജൻ മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് കൺവെൻഷൻ സെന്‍റർ നിർമ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനം നൊന്താണ്‌ പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. 

click me!