ചിന്ത ജെറോമിനെതിരെ കോപ്പിയടി ആരോപണം: ഗവേഷണ പ്രബന്ധത്തിൽ ഓൺലൈൻ ലേഖനത്തിലെ ഭാഗങ്ങൾ

By Web TeamFirst Published Jan 29, 2023, 2:02 PM IST
Highlights

ബോധി കോമൺസ് എന്ന വെബ് സൈറ്റിലെ ലേഖനത്തിൻ്റെ ഭാഗങ്ങൾ ചിന്ത ജെറോമിൻ്റെ ഗവേഷണ പ്രബന്ധത്തിൽ പകർത്തിവച്ചുവെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ്റെ പരാതി 

തിരുവനന്തപുരം: ചിന്ത ജെറോമിൻ്റെ ഗവേഷണ പ്രബന്ധവും കോപ്പിയടിച്ചതെന്ന് പരാതി. ബോധി കോമൺസ് എന്ന വെബ് സൈറ്റിലെ ലേഖനം കോപ്പി അടിച്ചതാണെന്നു പരാതി. ഈ വെബ്സൈറ്റിലെ ലേഖനം ചിന്തയുടെ തീസിസിൽ പകർത്തി എന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി സംഭവത്തിൽ കേരള വിസിക്ക് പുതിയ പരാതി നൽകുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു. 

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ  ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് നേരത്തെ പുറത്തുവന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്‍റെ  പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള സര്‍വ്വകലാശാല പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ്. ഇത്  സംബന്ധിച്ച രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ജന്മിത്വത്തിനെതിരായ പോരാട്ടത്തില്‍ മലയാള സാഹിത്യത്തിലെ എക്കാലത്തെയും കൊടിയടയാളമാണ് ചങ്ങമ്പുഴയുടെ വാഴക്കുല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ  ഉണര്‍ത്ത് പാട്ടായി പോലും കേരളം ഏറ്റെടുത്ത കവിത ഏറ്റുചൊല്ലാത്ത മലയാളി ഉണ്ടാകില്ല. നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക്എത്തുന്നത്. ഈ ഭാഗത്താണ് വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന് ഒരു ചിന്തയുമില്ലാതെ ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതി വച്ചത്. 
 
യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിൻറെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതരതെറ്റ് പുറത്തുവന്നിട്ടും അനങ്ങാതെ കേരള സർവ്വകലാശാല. ചിന്താ ജെറോമും വിശദീകരണം നൽകാതെ ഒഴിഞ്ഞുമാറുമ്പോൾ ആരോപണം പ്രശ്നം അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ചിന്തയുടെ ഡോക്ടറേററ് റദ്ദാക്കണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യം.

ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല വൈലോപ്പിള്ളിയുടേതാണെന്ന് എഴുതിയ ചിന്തയുടെ ഗവേഷണ പ്രബന്ധമാണ് സജീവചർച്ച. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളംചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകൾ എന്ന് പറഞ്ഞാണ് വാഴക്കുലയിലേക്കെത്തുന്നത്. ആര്യൻ സിനിമ പറയുന്നതിടത്താണ് വാഴക്കുല പരാമർശം. എന്നാൽ ആര്യനിൽ മോഹലാലിൻറെ കഥാപാത്രം കൃത്യമായി വാഴക്കുലയുടെ രചയിതാവിനെ പറയുന്നുമുണ്ട്. സിനിമ പോലും കാണാതെയാണോ പ്രബന്ധം തയ്യാറാക്കിയതെന്നതടക്കമുള്ള ആരോപണങ്ങളാണ് ചിന്തക്കെതിരെ ഉയരുന്നത്. നോട്ടപ്പിശക് എന്ന മട്ടിൽ സമൂഹമാധ്യമങ്ങളിൽ ചുരുക്കം ചില ഇടത് അനുകൂലികൾ മാത്രമാണ് ചിന്തയെ പിന്തുണക്കുന്നത്. പക്ഷെ പിശകിനപ്പുറത്താണ് കാര്യങ്ങൾ എന്നാണ് വിമർശനം.

തെറ്റ് കണ്ടെത്താൻ ഗൈഡായിരുന്നു മുൻ പ്രോ വിസിക്കും മൂല്യനിർണ്ണയം നടത്തിയ വിദഗ്ധർക്കും കഴിയാത്തത് ഗുരുതരപ്രശന്മാണ്. ഓപ്പൺ ഡിഫൻസിൽ പോലും ഒരു ചർച്ചയും വിലയിരുത്തലും നടത്താതെയാണോ ഡോക്ടറേറ്റ് നൽകുന്നതെന്ന ഗൗരവമായ ചോദ്യമാണ് കേരള സ‍ർവ്വകലാശാല നേരിടുന്നത്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകിയിട്ടും സർവ്വകലാശാല പിച്ച് ഡി വിവാദത്തിൽ നിലപാട് വ്യക്തമാക്കുന്നില്ല.ചിന്തയുടെ ഗവേഷണത്തിനെതിരെ കൂടുതൽ പേർ സർവ്വകലാശാലക്ക് പരാതി നൽകുന്നുണ്ട്

click me!