കൊറോണ: ചൈനയില്‍ നിന്നെത്തിയ 76 യാത്രക്കാരില്‍ ആര്‍ക്കും രോഗബാധയില്ല; കേരളത്തില്‍ 1053 പേര്‍ നിരീക്ഷണത്തില്‍

By Web TeamFirst Published Jan 30, 2020, 7:35 PM IST
Highlights

പൂണെ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിളിന്‍റെ പ്രാഥമിക ഫലത്തിലാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്

തിരുവനന്തപുരം: ചൈനയിൽ നിന്നെത്തിയ 76  യാത്രക്കാരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  പരിശോധനയ്ക്ക് വിധേയമാക്കി ആര്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. അതേസമയം കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കേരളത്തില്‍ 1053 പേര്‍ നിരീക്ഷണത്തിലെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഇതില്‍ 15 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 1038 പേരും വീട്ടിലെ നിരീക്ഷണത്തിലാണ്. 24 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂണെ വൈറോളജി ഇന്‍സ്‍റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 15 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്. 

പൂണെ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിളിന്‍റെ പ്രാഥമിക ഫലത്തിലാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. എന്നാല്‍ രണ്ടാമത്തെ ഫലം കൂടി വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതുമുണ്ട്. 



 

click me!