
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേർക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിഎംഒമാരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തും. അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയിൽ രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയ്യാറാക്കൽ നടപടി ഇന്നത്തോടെ പൂർത്തിയാക്കും.
പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് 75 ശതമാനം പൂർത്തിയായി. രണ്ട് മെഡിക്കൽ സംഘങ്ങൾ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും നാല് സംഘങ്ങൾ വീടുകൾ കേന്ദ്രീകരിച്ചുമാണ് പ്രവർത്തിക്കുന്നത്. രണ്ട് സംഘങ്ങൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കും.19 പേരുടെ സാമ്പിൾ പരിശോധനാ ഫലം വരാനുണ്ട്. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ എഴുതാൻ സൗകര്യങ്ങൾ ഒരുക്കും. ഇവരെ പ്രത്യേകം വാഹനത്തിൽ പരീക്ഷ കേന്ദ്രത്തിലെത്തിക്കും.
ആകെ 719 പേരാണ് ഇറ്റലിയിൽ നിന്ന് എത്തിയവരുമായി നേരിട്ടോ അല്ലാതയോ ഇടപഴകിയിട്ടുള്ളത്. മൂന്ന് ദിവസത്തിനകം അയച്ച 30 സാമ്പിളുകളിൽ ആറ് എണ്ണവും നെഗറ്റീവ് ആയിരുന്നു. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണ്. അതിനിടെ, ഇന്നലെ രാത്രി ആശുപത്രിയിലെ നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനായുള്ള തെരച്ചിൽ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam