കൊവിഡ് ജാഗ്രത: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

By Web TeamFirst Published Mar 10, 2020, 6:05 AM IST
Highlights

ഇരുജില്ലകളിലെയും പ്രഫഷണല്‍ കോളേജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍, പോളി ടെക്നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

പത്തനംതിട്ട / കോട്ടയം: കേരളത്തില്‍ വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നതിനായി രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (10/3/2020) അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലും അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലുമാണ് ജാഗ്രത നടപടിയുടെ ഭാഗമായി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെയും ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു. പത്തനംതിട്ടയില്‍ നാളെയും അവധി നല്‍കിയിട്ടുണ്ട്. 

ഇരുജില്ലകളിലെയും പ്രഫഷണല്‍ കോളേജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍, പോളി ടെക്നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. എസ്എസ്എല്‍സി പരീക്ഷയ്ക്കും നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്‍സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് കോട്ടയം കളക്ടര്‍ അറിയിച്ചിട്ടുണ്ട്. കോട്ടയം  മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിലവിൽ ഏഴ് പേർ നിരീക്ഷണത്തിലാണ്. 

അതേസമയം, കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ പൊതുചടങ്ങുകള്‍ മാറ്റിവെക്കണമെന്നാണ് നിര്‍ദ്ദേശം. വിവാഹ ചടങ്ങുകള്‍ ഉള്‍പ്പെടെ മാറ്റി വെക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എസ്എസ്എല്‍സി പരീക്ഷകള്‍ മുന്‍കരുതലുകളോടെ നടത്തും. പത്തനംതിട്ടയില്‍ പത്തുപേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്‍തികരമാണ്. 

Read more: 'രോഗബാധിതർ എല്ലാ വിവരവും തന്നില്ല, എങ്കിലും കോണ്ടാക്ട് ട്രേസിംഗ് നടത്തി': കളക്ടർ 'ന്യൂസ് അവറിൽ'

സംസ്ഥാനത്ത് മുഴുവന്‍ സമയ കോള്‍ സെന്‍ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. വിളിക്കേണ്ട നമ്പറുകള്‍: 0471-23 09 250, 0471-23 09 251, 0471-23 09 252. പത്തനംതിട്ട റാന്നി ഐത്തല സ്വദേശികളായ അഞ്ച് പേര്‍ക്കാണ് സംസ്ഥാനത്ത് നിലവില്‍ കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

Also Read: കേരളത്തില്‍ വീണ്ടും കൊവിഡ് 19; പത്തനംതിട്ടയിൽ 5 പേര്‍ക്ക് സ്ഥിരീകരണം, 3 പേര്‍ ഇറ്റലിയിൽ നിന്ന് വന്നവര്‍

click me!