കൊറോണവൈറസ്: മലയാളി നഴ്സിനെ നാട്ടിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Jan 23, 2020, 6:31 PM IST
Highlights

വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട് രോഗബാധയുള്ളവര്‍ക്ക് വിദഗ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

തിരുവനന്തപുരം: സൗദിയിൽ കൊറോണവൈറസ് ബാധയേറ്റ മലയാളി നഴ്സിനെ നാട്ടിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. സംസ്ഥാനത്ത് എല്ലാ മെഡിക്കൽ കോളേജുകളും സജ്ജമാണെന്നും പരിശോധന കർശനമാക്കിയെന്നും മന്ത്രി പറഞ്ഞു.

"കൊറോണവൈറസ് ആക്രമണം ശ്രദ്ധിക്കേണ്ടതാണ്. മെഡിക്കൽ കോളേജുകളെ സജ്ജമാക്കിയിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ല. വിമാനത്താവളങ്ങളിൽ പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. ലക്ഷണങ്ങൾ കാണുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും," എന്നും മന്ത്രി പറഞ്ഞു.

വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. സൗദി അറേബ്യയിലെ അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ നേഴ്സുമാര്‍ക്ക് കോറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട് രോഗബാധയുള്ളവര്‍ക്ക് വിദഗ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതിനിടെ കൊറോണ വൈറസ് ബാധ സംശയിച്ച് സൗദി അറേബ്യയിലെ ആശുപത്രിയില്‍ മാറ്റി പാര്‍പ്പിച്ച മുപ്പതില്‍ പത്ത് നഴ്സ്മാരെ ഇനിയും പരിശോധനയ്ക്ക് വിധേയരാക്കിയില്ലെന്ന് റിപ്പോർട്ടുണ്ട്. ഇരുപതുപേരെ വൈറസ് പരിശോധനയക്ക്  വിധേയരാക്കി. തങ്ങളെ ഉടന്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് നഴ്സ്മാര്‍ ആവശ്യപ്പെട്ടു.

മലയാളി നഴ്സുമാർക്ക് കൊറോണ വൈറസ് ബാധ സംശയിക്കുന്നത് സംബന്ധിച്ച് ജിദ്ദയിലുള്ള ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. സൗദിയിലെ അബഹയിലുള്ള അൽ ഹയാത്ത് ആശുപത്രിയിലാണ് നഴ്സുമാർ നിരീക്ഷണത്തിലുള്ളത്. ആശുപത്രി മാനേജ്മെന്റുമായി ഇന്ത്യൻ കോൺസുലേറ്റ് ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാൻ പറഞ്ഞതായും വി മുരളീധരൻ വിശദീകരിച്ചു.

അതേസമയം കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കകത്തും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ചൈനയിൽ നിന്നെത്തുന്നവർ പരിശോധനയിലൂടെ കടന്നു പോകണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

മലയാളി നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അവിടുത്തെ ഇന്ത്യന്‍ എമ്പസി അടിയന്തിരമായി ഇടപെടണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അബഹയിലെ സ്വകാര്യ ആശുപത്രിയായ ഹയാതില്‍ നൂറോളം മലയാളി നഴ്സുമാര്‍ തൊഴിലെടുക്കുന്നുണ്ട്. ഇവിടുത്തെ ഫിലിപ്പീൻസിൽ നിന്നുള്ള നഴ്സിന് രോഗം ബാധിച്ചതായി കണ്ടെത്തി. ഇതേത്തുടർന്ന് പരിശോധനയില്‍ ഒരു മലയാളി നേഴ്സിന് വൈറസ് പൊസിറ്റീവാണെന്ന് വ്യക്തമായി..മറ്റ് നഴ്സുമാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണം.ഇതിനായി സൗദി ആരോഗ്യ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യന്‍ മിഷന്‍ തയ്യാറാകണമെന്ന്  കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

click me!