യുകെ പൗരനും 19 പേരും നിരീക്ഷണത്തിൽ, നെടുമ്പാശ്ശേരി അണുവിമുക്തമാക്കി

By Web TeamFirst Published Mar 15, 2020, 3:05 PM IST
Highlights

മൂന്നാറിലെ ഹോട്ടലില്‍ നിരീക്ഷണത്തിലിരിക്കെയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് ലണ്ടന്‍ സ്വദേശി വിമാനത്തിൽ കയറി കടന്നുകളയാന്‍ ശ്രമിച്ചത്. ഇയാളെയും ഭാര്യയെയും ഐസൊലേഷനിലേക്ക് മാറ്റി.

കൊച്ചി: കൊവി‍ഡ് 19 രോഗബാധയെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബ്രിട്ടിഷ് പൗരന്‍ കയറിയ വിമാനം യാത്ര പുറപ്പെട്ടു. ബ്രിട്ടനില്‍ നിന്നുള്ള 19 അംഗ സംഘത്തെ ഒഴിവാക്കി ബാക്കി യാത്രക്കാരുമായാണ് വിമാനം ദുബായിലേക്ക് യാത്രതിരിച്ചത്. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ സ്വമേധയാ യാത്രയിൽ നിന്നും പിന്മാറി. ഇയാൾ വീട്ടിലേക്ക് തിരിച്ചു പോയി. രോഗബാധിതനെയും ഭാര്യയെയും കളമശ്ശേരിയിലെ ഐസൊലേഷനിലേക്ക് മാറ്റി. ബാക്കിയുള്ള 17 പേര്‍ മൂന്നാറിലെ ഹോട്ടലിൽ തന്നെ നിരീക്ഷണത്തിലാക്കും.

രോഗബാധിതൻ കയറിയതിനെ തുടർന്ന് ദുബായ് എമിറേറ്റ്സ് വിമാനത്തിലെ 270 യാത്രക്കാരെയും പുറത്തിറക്കുകയായിരുന്നു. മൂന്നാറിലെ ഹോട്ടലില്‍ നിരീക്ഷണത്തിലിരിക്കെയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് ലണ്ടന്‍ സ്വദേശി വിമാനത്തിൽ കയറി കടന്നുകളയാന്‍  ശ്രമിച്ചത്. 19 അംഗ സംഘമാണ് രോഗിക്കൊപ്പമുണ്ടായിരുന്നത്. രോഗബാധിതനൊപ്പം ഉണ്ടായിരുന്നവര്‍ ഒഴികെയുള്ള മുഴുവൻ പേരുടെയും പരിശോധനകൾ പൂർത്തിയായി. ഒരാൾക്ക് മാത്രമാണ് രോഗലക്ഷണമുള്ളത്. 250 പേരുമായി ദുബായിലേക്കുള്ള വിമാനം മൂന്ന് മണിക്കൂറിലേറെ വൈകി 12.30 നാണ് കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്.  

Also Read: കൊവിഡ് ബാധിതനായ ബ്രിട്ടൺ സ്വദേശി മൂന്നാറിൽ നിന്ന് മുങ്ങിയതെങ്ങനെ ?

കഴിഞ്ഞ പതിനൊന്നാം തിയതി മുതൽ മൂന്നാറിൽ നിരീക്ഷണത്തിലുള്ള ബ്രിട്ടീഷ് പൗരൻ ആരോഗ്യവകുപ്പിനെ കബളിപ്പിച്ചാണ് വിമാനത്താവളത്തിലേക്കെത്തിയത്. ബലം പ്രയോഗിച്ചാണ് ട്രാവൽ ഏജന്‍റ്  ഇയാളെ ഹോട്ടലിൽ നിന്ന് മാറ്റിയതെന്ന് ദേവികുളം സബ് കളക്ടർ പറഞ്ഞു. ഇന്നലെ രാത്രിയാണ് ബ്രിട്ടീഷ് പൗരന് രോ​ഗം സ്ഥിരീകരിക്കുന്നത്. ഇതറിഞ്ഞ മൂന്നാറിലെ ആരോഗ്യപ്രവർത്തകർ ബ്രിട്ടീഷ് പൗരനെ നിരീക്ഷണത്തിൽ താമസിപ്പിച്ചിരുന്ന കെടിഡിസിയുടെ ഹോട്ടലിൽ എത്തിയപ്പോഴാണ് ഇയാൾ കടന്ന് കളഞ്ഞതായി അറിയുന്നത്.

ഇയാൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയതായി മനസ്സിലാക്കിയതോടെ ദുബായിലേക്കുള്ള വിമാനം റദ്ദാക്കാൻ എറണാകുളം ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 270 പേരെയും തിരിച്ചിറക്കി. ഇയാളുടെ സംഘത്തിനൊപ്പമുണ്ടായിരുന്ന മറ്റ് 18 പേരെയും പരിശോധനകൾക്കായി മാറ്റി. ബലം പ്രയോഗിച്ച് ട്രാവൽ ഏജന്‍റ് ഇയാളെ ഹോട്ടലിൽ നിന്ന് ഇറക്കുകയായിരുന്നുവെന്ന് ദേവികുളം സബ് കളക്ടർ പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!