കൊറോണ ആദ്യം ബാധിച്ച കുട്ടിയുടെ നില മെച്ചപ്പെടുന്നു; പൂനെയിൽ നിന്ന് ഫലം കാത്ത് ഡോക്ടർമാർ

By Web TeamFirst Published Feb 10, 2020, 9:00 PM IST
Highlights

കൊറോണയെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച ഏങ്ങണ്ടിയൂർ സ്വദേശി വേണുഗോപാൽ, മകൻ അഖിൽ വേണുഗോപാൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

തൃശ്ശൂർ: രാജ്യത്തെ തന്നെ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിനി സുഖം പ്രാപിച്ച് വരുന്നു. ആദ്യ റിസൽട്ടുകൾ നെഗറ്റീവ് ആയതോടെ ഇനിയുള്ള പരിശോധനാ ഫലങ്ങൾ കാത്തിരിക്കുകയാണ് ഡോക്ടർമാർ. തുടർച്ചയായി മൂന്ന് തവണ റിസൽട്ട് നെഗറ്റീവായാൽ രോഗമുക്തയായെന്ന് ഡോക്ടർമാർക്ക് ഉറപ്പിക്കാം. ചെറിയ പരിശോധനകൾക്ക് ശേഷം വിദ്യാർത്ഥിനിക്ക് ആശുപത്രി വിടുകയും ചെയ്യാം. അതിന് മുമ്പ് പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ കൂടി പരിശോധിക്കും.

തൃശ്ശൂർ ജില്ലയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന മൂന്ന് പേരെ ഡിസ്ചാർജ് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. തൃശ്ശൂരിൽ നിലവിൽ 6 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 234 പേർ നിരീക്ഷണത്തിലുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ വ്യക്തമാക്കി. 

അതിനിടെ, ഏങ്ങണ്ടിയൂരിൽ കൊറോണ വൈറസിനക്കുറിച്ചുള്ള വ്യാജവാർത്ത പ്രചരിപ്പിച്ച അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂർ സ്വദേശി വേണുഗോപാൽ, മകൻ അഖിൽ വേണുഗോപാൽ എന്നിവരാണ് പൊലീസ് പിടിയിലായത്.

അതേസമയം കാസർകോട് ജില്ലയിൽ പരിശോധനയ്ക്കായി ആകെ അയച്ച 22 സാമ്പിളുകളില്‍ 21-ഉം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇനി കാസർകോട്ട് കൊറോണ ബാധയ്ക്ക് ചികിത്സയിൽ തുടരുന്നത് നേരത്തെ കോറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥി മാത്രമാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3367 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇവരില്‍ 3336 പേര്‍ വീടുകളിലും, 31 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 364 സാമ്പിളുകള്‍ എൻഐവിയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 337 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 215 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 2898 ടെലിഫോണിക് കൗണ്‍സിലിംഗ് സേവനങ്ങള്‍ ഇതുവരെ ലഭ്യമാക്കിയെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു.

click me!