കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ റവന്യൂ മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഗീതയെ സസ്പെൻഡ് ചെയ്തത്
കൽപ്പറ്റ: തന്നെ സസ്പെൻഡ് ചെയ്തത് ഒരു നടപടിക്രമവും പാലിക്കാതെയെന്ന് വയനാട്ടിലെ ഡെപ്യൂട്ടി കളക്ടർ ഗീത. നിയമപരമായി മാത്രമാണ് താൻ പ്രവർത്തിച്ചത്. കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് പരാതിക്കാരൻ തെളിയിക്കണം. താൻ നിയമ നടപടി സ്വീകരിക്കുമെന്നും ഗീത പറഞ്ഞു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ റവന്യൂ മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഗീതയെ സസ്പെൻഡ് ചെയ്തത്
ദേവസ്യ അപേക്ഷിച്ചത് ഭാര്യയുടെ പേരിലുള്ള വയൽ തരം മാറ്റാനാണ്. വില്ലേജ് ഓഫീസറും കൃഷി ഓഫിസറും തരം മാറ്റലിനെ എതിർത്തു. ഈ റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താണ് തരം മാറ്റൽ താൻ തടഞ്ഞതെന്ന് ഗീത പറഞ്ഞു. കെ ജെ ദേവസ്യ വയൽ തരം മാറ്റി തരണം എന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ഗീത പറയുന്നു.
ദേവസ്യ പറയുന്നത് തനിക്ക് അനുകൂലമായി കോടതി ഉത്തരവുണ്ട് എന്നാണ്. എന്നാൽ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കണം എന്ന് മാത്രമാണ് കോടതി ഉത്തരവെന്ന് ഗീത പറയുന്നു. ടൗൺഷിപ്പ് ഉള്ള എൽസ്റ്റൺ എസ്റ്റേറ്റിലെ ഉടമയും റവന്യൂ റിക്കവറി ഒഴിവാക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്ന് ഗീത പറഞ്ഞു. താൻ 33 വർഷമായി സർവീസിലുളളയാളാണ്. ഇതുവരെ ഒരു ആരോപണവും തനിക്കെതിരെ വന്നിട്ടില്ലെന്നും ഡെപ്യൂട്ടി കളക്ടർ പറയുന്നു.
ഡെപ്യൂട്ടി കളക്ടർക്കെതിരായ നടപടിയിൽ പ്രതിഷേധം
ഭരണം അവസാനിക്കുമ്പോൾ അനധികൃത നടപടിക്ക് നീക്കം എന്ന് എൻജിഒ അസോസിയേഷൻ ആരോപിച്ചു. വയൽ മണ്ണിട്ട് നികത്തുന്നതിന് കൂട്ടുനിൽക്കാത്തതിനുള്ള പ്രതികാര നടപടിയാണിത്. നവീൻ ബാബുവിന്റെ സംഭവം ആവർത്തിക്കാൻ ഇടവരും. സത്യസന്ധമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം ഇല്ലാതാക്കുകയാണ്. അടിയന്തരമായി തിരിച്ചെടുത്തില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും എൻജിഒ അസോസിയേഷൻ വ്യക്തമാക്കി.



