
തിരുവനന്തപുരം: കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കും മുനിസിപ്പൽ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയർ, മുനിസിപ്പൽ ചെയർമാൻ സ്ഥാനങ്ങളിലേക്ക് രാവിലെ 11നും ഡെപ്യൂട്ടി മേയർ, മുനിസിപ്പൽ വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് തെരഞ്ഞെടുപ്പ്. ഓപ്പൺ ബാലറ്റിലൂടെയാണ് അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. രണ്ടു സ്ഥാനാർഥികൾക്കും തുല്യ വോട്ട് ലഭിച്ചാൽ നറുക്കെടുപ്പിലൂടെയായിരിക്കും വിജയിയെ നിശ്ചയിക്കുക. ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 30 ന് നടക്കും.
കേവല ഭൂരിപക്ഷമില്ലാത്ത പലയിടങ്ങളിലും അനിശ്ചിതത്വം തുടരുകയാണ്. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത കണ്ണൂര്‍ ഇരിട്ടി നഗരസഭയിൽ അഞ്ച് സീറ്റുള്ള ബിജെപിയുടെയും മൂന്ന് സീറ്റുള്ള എസ്‍ഡിപിഐയുടെയും നിലപാട് നിർണായകമാകും. കളമശ്ശേരിൽ വിമതരുടെ അടക്കം പിന്തുണയോടെ ഇടത് മുന്നണിയ്ക്കും യുഡിഎഫിനും 20 വീതം സീറ്റുകളുണ്ട്. 41 അംഗങ്ങളുള്ള കൗൺസിലിൽ ഒരു അംഗം ബിജെപിയുടേതാണ്. ബിജെപി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നാൽ നറുക്കെടുപ്പിലൂടെ അധ്യക്ഷയെ തെരഞ്ഞെടുക്കണ്ടിവരും.
കോട്ടയം ഭരണം ടോസിലൂടെ തീരുമാനിക്കും. ഏറ്റുമാനൂരിൽ ഒരു സ്വതന്ത്ര സ്ഥാനാർഥി കൂടി പിന്തുണച്ചാൽ യുഡിഎഫിന് ഭരണത്തിൽ വരാം. ചങ്ങാനാശേരിയിലും സ്വതന്ത്രരരുടെ തീരുമാനം നിര്‍ണായകം. പത്തനംതിട്ടയിൽ എസ്ഡിപിഐ തീരുമാനം നിർണായകമാകും. മൂന്ന് സ്വതന്ത്ര അംഗങ്ങളെ ആശ്രയിച്ചായിരിക്കും തീരുമാനം.
മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമുള്ള മാവേലിക്കര നഗരസഭയിൽ സിപിഎം വിമതൻ ആയി ജയിച്ച കെവി ശ്രീകുമാർ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. യുഡിഎഫിനും എൽഡിഎഫിനും പതിനാല് വീതം സീറ്റ് കിട്ടിയ കൊല്ലം പരവൂർ നഗരസഭയിൽ ചെയർമാനെയും വൈസ് ചെയർമാനെയും കണ്ടെത്താൻ നറുക്കെടുപ്പ് വേണ്ടി വന്നേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam