
തലശ്ശേരി: സിഒടി നസീർ വധശ്രമക്കേസിൽ ഗൂഢാലോചന നടന്ന കാർ കൺമുന്നിലുണ്ടായിട്ടും കസ്റ്റഡിയിലെടുക്കാതെ പൊലീസ്. കേസിൽ എ എൻ ഷംസീർ എംഎൽഎയുടെ സഹോദരൻ ഷാഹിറിന്റെ പേരിലുള്ള ഇന്നോവ കാറിന് വേണ്ടിയാണ് പൊലീസ് തിരച്ചിൽ നടത്തുന്നത്. എന്നാൽ എംഎൽഎയുടെ യാത്ര ഗൂഢാലോചന നടന്ന വാഹനത്തിലായിട്ട് പോലും നടപടി എടുക്കാതെ കൈയ്യുംകെട്ടി നോക്കി നിൽക്കുകയാണ് പൊലീസ്.
കണ്ണൂരിൽ ഇന്ന് നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഷംസീർ ഈ കാറിലാണ് എത്തിയത്. മുൻപ് എംഎൽഎ എന്നെഴുതിയ ബോർഡ് വെച്ച് ഓടിയിരുന്ന വണ്ടിയിൽ നിന്ന് ഇപ്പോൾ ബോർഡ് എടുത്തു മാറ്റിയിട്ടുണ്ട്. ഷംസീറിന്റെ സഹായിയും തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറിയുമായിരുന്ന എൻ കെ രാഗേഷ് കേസിലെ മറ്റൊരു പ്രതിയായ പൊട്ടിയൻ സന്തോഷിനെ വിളിച്ച് ഗൂഢാലോചന നടത്തിയത് കെ എൽ 7 സിഡി 6887 എന്ന ഇന്നോവ കാറിൽ വെച്ചാണെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു. കാറിൽ വെച്ചാണ് കൊട്ടേഷൻ ഏൽപ്പിച്ചതെന്നും പ്രതികൾ പറഞ്ഞു.
കേസിൽ ഷംസീറിന്റെ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടന്നിട്ടില്ല. അന്വേഷണ സംഘം മാറിയതോടെ അന്വേഷണം നിലച്ച അവസ്ഥയിലാണ് ഇപ്പോൾ കേസ്. പൊലീസ് നടപടികൾ മനഃപ്പൂർവ്വം വൈകിക്കുകയാണെന്ന ആരോപണവും ശക്തമാണ്. അതേസമയം, കേസിലെ മുഖ്യ ആസൂത്രകനായ രാഗേഷിന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ജാമ്യം അനുവദിച്ചു. കേസിൽ കുറ്റപത്രും ഇതുവരെ തയാറായിട്ടില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ കോടതിയെ സമീപിക്കുമെന്ന് സിഒടി നസീർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam