പികെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ വിവാദപരമായ സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തിയതിന് സിപിഎം രണ്ട് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ കെ നാരായണനും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീനും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ പ്രസ്താവനകളുടെ പേരിൽ താക്കീത് നൽകി

പാലക്കാട്: പികെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ നടത്തിയ വിവാദ സ്ത്രീ വിരുദ്ധ പ്രസ്താവനകളിൽ നേതാക്കൾക്കെതിരെ നടപടിയുമായി സിപിഎം. സിപിഎം മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ കെ നാരായണനെയും, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീനെയും സിപിഎം നേതൃത്വം താക്കീത് ചെയ്തു. പി കെ ശശിയെ പുറത്താക്കിയതിന് പിന്നാലെ മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് ഇനി തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് വരാമെന്ന എൻ കെ നാരായണന്റെ പ്രസ്താവനയിലാണ് താക്കീത്. ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രമായിരുന്നുവെന്നാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് തിരുത്താനും പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെഎസ് സലീഖ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു എന്നിവർ പങ്കെടുത്ത മണ്ണാർക്കാട് ഏരിയ കമ്മിറ്റി യോഗത്തിൽ താക്കീത് നൽകിയത്. ഇരുവരുടെയും പ്രസ്താവനകൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്നും ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാൻ ആവില്ലെന്നും ജില്ലാ നേതൃത്വം പറഞ്ഞു. നേരത്തെ ജനാധിപത്യ മഹിളാ അസോസിയേഷനും പാർട്ടി ഘടകങ്ങളും ഏരിയാസെക്രട്ടറിയുടെയും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെയും പ്രസ്താവനകൾക്കെതിരെ രംഗത്തുവന്നിരുന്നു.