സിഒടി നസീർ വധശ്രമം: ഷംസീറിന്‍റെ മൊഴിയെടുക്കും മുമ്പേ അന്വേഷണ സംഘത്തലവന് സ്ഥലംമാറ്റം

By Web TeamFirst Published Jul 7, 2019, 6:31 PM IST
Highlights

അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ ചുമതലയൊഴിഞ്ഞു. കാസർകോട് ജില്ലയിലേക്കാണ് സ്ഥലംമാറ്റം. കേസിൽ ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് മാറ്റം. 

കണ്ണൂർ: സിഒടി നസീര്‍ വധശ്രമക്കേസിൽ എ എൻ ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐയെ സ്ഥലംമാറ്റി. കാസർകോട് ജില്ലയിലേക്ക് സ്ഥലംമാറ്റിയ സിഐ വി കെ വിശ്വംഭരന്‍ ഇന്ന് ചുമതലയൊഴിഞ്ഞു. തലശ്ശേരിയിൽ പുതിയ സിഐ ചുമതലയേറ്റു. എസ്ഐ ഹരീഷിനും ഉടനെ മാറ്റമുണ്ടാകും എന്നാണ് സൂചന. 

കേസിന്‍റെ നി‍‍ർണായക ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നത്. കഴിഞ്ഞ സ്ഥലംമാറ്റ നീക്കം വിവാദമായപ്പോൾ, കേസിൽ അന്വേഷണം പൂർത്തിയാവും വരെ നിലവിലെ അന്വേഷണ സംഘം തുടരുമെന്ന് ഡിജിപി ഉറപ്പ് നൽകിയിരുന്നു. നസീർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നതാണ്. വിശ്വംഭരനെ കാസർകോട് ക്രൈംബ്രാഞ്ചിലേക്കും ഹരീഷിനെ കോഴിക്കോട്ടേക്കും മാറ്റിയ ഉത്തരവാണ് നേരത്തെ വിവാദമായത്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായാണ് ഇരുവരും സ്ഥലംമാറി തലശ്ശേരിയിൽ എത്തിയതെങ്കിലും ഇത്രയും പ്രമാദമായ കേസിന്‍റെ അന്വേഷണം നടക്കുന്നതിനിടെ അതിനെ ബാധിക്കുന്ന തരത്തിലുള്ള സ്ഥലംമാറ്റം വലിയ വിവാദവും എതിർപ്പുമുയർത്തിയിരുന്നു. ഇതിന് പിന്നാലെ ഈ ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സ്ഥലംമാറ്റ ഉത്തരവ് നേരത്തെ നിലനിൽക്കുന്നതിനാൽ സാധാരണ നടപടിക്രമം മാത്രമെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ വിശദീകരണം. 

അതേസമയം, നസീറിനെ ആക്രമിക്കാൻ എംഎൽഎയുടെ സഹായിയടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയ കാർ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണ സംഘം മാറുന്നതോടെ കേസിൽ അന്വേഷണം വഴിമുട്ടുമെന്നതാണ് ആശങ്ക. കേസിൽ കുറ്റപത്രവും തയ്യാറായിട്ടില്ല.

ഷംസീറിനെതിരെ നസീര്‍ പറയുന്നത് എന്ത്?

തന്നെ വധിക്കാനുള്ള ഗൂഢാലോചനയിൽ ഷംസീറിന് പങ്കുണ്ടെന്ന് നസീർ നിരന്തരം ആരോപിച്ചിരുന്നു. തലശ്ശേരി സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ എംഎൽഎയ്ക്ക് വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നും തന്നെ എംഎൽഎ ഓഫീസിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും നസീർ പൊലീസിന് മൊഴി നൽകിയിരുന്നു. കേസിൽ ഗൂഢാലോചന നടത്തിയതിന് ഷംസീറിന്‍റെ മുൻ സഹായിയും സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറിയുമായിരുന്ന രാകേഷിനെ അടക്കമുള്ളവരെ പൊലീസ് പിടികൂടിയിരുന്നു.

രാ​കേഷാണ് നസീറിനെ ആക്രമിക്കാൻ തനിക്ക് നിർദ്ദേശം നൽകിയതെന്നാണ് കേസിലെ മുഖ്യ പ്രതി പൊട്ടിയൻ സന്തോഷിന്‍റെ മൊഴി. ഇതിന് പിന്നാലെ പൊലീസ് രാകേഷിന്റെ മൊഴിയെടുത്തു. നസീറിനോട് പാർട്ടി അണികൾക്കുള്ള രോഷമാണ് ആക്രമണത്തിന് പദ്ധതിയിടാൻ കാരണമെന്നും മറ്റാരുടേയും നിർദ്ദേശമില്ലെന്നും രാകേഷ് പൊലീസിനോട് പറഞ്ഞിരുന്നു. 

click me!