
കൊച്ചി: കുടിവെള്ള പൈപ്പ് ഇടാൻ വെട്ടിപ്പൊളിച്ച എറണാകുളം മരട് നഗരസഭയിലെ റോഡുകൾ നന്നാക്കാൻ ജല അതോറിറ്റി പണം കൈമാറാത്തതിൽ പ്രതിഷേധിച്ച് എം സ്വരാജ് എംഎൽഎ അനിശ്ചിതകാല നിരാഹാരത്തിനൊരുങ്ങുന്നു. ഈ മാസം പത്തിന് തിരുവനന്തപുരത്തെ ജല അതോറിറ്റിയുടെ ആസ്ഥാനത്ത് നടത്തുന്ന സമരം ചുവപ്പ് നാടക്കെതിരെയാണെന്നാണ് എം സ്വരാജ് പറയുന്നത്.
കുടിവെള്ളത്തിനായുള്ള പൈപ്പിടൽ കഴിഞ്ഞിട്ട് മാസം രണ്ടായിട്ടും മരട് നഗരസഭയിലെ റോഡുകൾ പാടെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ് ഇപ്പോഴും. മഴക്കാലം കൂടിയായതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിയായി. റോഡ് പുനർനിർമ്മാണത്തിന് ധനവകുപ്പ് ജലഅതോറിറ്റിക്ക് നൽകിയ പണം ഇതുവരെയും നഗരസഭയ്ക്ക് കൈമാറാൻ ജല അതോറിറ്റി തയ്യാറായിട്ടില്ല.ജല അതോറിറ്റിയുടെ അലംഭാവത്തിനെതിരെയാണ് തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജ് അനിശ്ചിതകാല നിരാഹാര സമരത്തിന് ഒരുങ്ങുന്നത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എം സ്വരാജ് ജലവകുപ്പ് മന്ത്രിക്ക് കത്തയച്ചു.
വിവിധ ഘട്ടങ്ങളിലായി നഗരസഭയിലെ 84 കിലോമീറ്റർ റോഡാണ് വെട്ടിപ്പൊളിക്കുന്നത്. ശുദ്ധജല വിതരണം ശക്തിപ്പെടുത്താൻ 23 കോടി 16 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.ചുവപ്പുനാടയിലൊതുങ്ങാതെ പദ്ധതി പൂർത്തിയാക്കി ഗതാഗതതടസ്സം മാറ്റണമെന്നാണ് നാട്ടുകാരുടേയും ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam