
കണ്ണൂര്‍: തലശേരി സിഒടി നസീർ വധശ്രമക്കേസിൽ രണ്ട് പേർ കോടതിയിൽ കീഴടങ്ങി. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത കൊളശേരി സ്വദേശി റോഷൻ, വേറ്റുമ്മൽ സ്വദേശി ശ്രീജൻ എന്നിവരാണ് ഇന്ന് തലശേരി കോടതിയിൽ കീഴടങ്ങിയത്. പൊലീസ് എഫ്.ഐ.ആറിലോ അന്വേഷണ പരിധിയിലോ ഉൾപ്പെടാത്തവരാണ് കീഴടങ്ങിയ രണ്ട് പേരും. ഇതിനിടെ കേസിൽ പൊലീസിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും, അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതും പൊലീസിനെ സമ്മർദത്തിലാക്കുകയാണ്.
അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐക്കും സംഘത്തിനും സൂചനപോലും ഇല്ലാതിരിക്കെയാണ് റോഷനും ശ്രീജനും കോടതിയിൽ കീഴടങ്ങിയത്. ഇരുവരെയും പ്രതി സ്ഥാനത്ത് പൊലീസ് ഉൾപ്പെടുത്തുകയോ, പേരുകൾ കോടതിയിൽ നൽകുകയോ ചെയ്തിട്ടില്ല. എന്നാൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന നിലയിലാണ് ഇരുവരും കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് റിപ്പോർട്ട് തേടാതെ 14 ദിവസത്തക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.
ഇതോടെ വിഷയത്തിൽ പൊലീസിൽ അതൃപ്തിയും ആശയക്കുഴപ്പവും രൂക്ഷമായി. അന്വേഷണ പരിധിയിലില്ലാത്ത പ്രതികളെ എങ്ങനെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നതിലടക്കം പൊലീസിന് ആശയക്കുഴപ്പമുണ്ട്. കേസിനെ ദുർബലമാക്കാനാണ് ഇത്തരമൊരും നീക്കം നടന്നിരിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. ഇതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ തലശേരി സി.ഐയെ സ്ഥലം മാറ്റിയിരിക്കുന്നത്. ഇവ അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയും ശക്തമായി. ഇന്നത്തെ കീഴടങ്ങലോടെ വധശ്രമക്കേസിൽ പിടിയിലായവരുടെ എണ്ണം ഇതോടെ അഞ്ചായി.
കേസിൽ നേരത്തെ അറസ്റ്റ് ചെയ്ത അശ്വന്തിനെ മർദിച്ചുവെന്ന പേരിലാണ് തലശേരി നഗരത്തിൽ പോസ്റ്ററുകൾ. പ്രതികരണ വേദിയെന്ന പേരിൽ പതിച്ച പോസ്റ്ററുകൾക്ക് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് സംശയം. കേസിലിതുവരെ പിടിയിലാവരെല്ലാം സിപിഎം പ്രവർത്തകരോ അനുഭാവികളോ ആണ്. എ.എൻ ഷംസീർ എം.എൽ.എയാണ് ആക്രമണത്തിന് പിന്നിലെന്നും അന്വേഷണം ശരിയായ ദിശയിലല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും നസീർ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam