അസുഖമാണെന്ന് ബിനോയ് കോടിയേരി; ഡിഎൻഎ പരിശോധനയ്ക്ക് സാമ്പിൾ നൽകിയില്ല

By Web TeamFirst Published Jul 15, 2019, 12:38 PM IST
Highlights

കോടതി നിര്‍ദ്ദേശപ്രകാരം മുൻകൂര്‍ ജാമ്യവ്യവസ്ഥ അനുസരിച്ചാണ് ബിനോയ് കോടിയേരി ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയത്. ഇന്ന് രക്തസാമ്പിൾ നൽകണമെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും അസുഖമായതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നായിരുന്നു ബിനോയ് കോടിയേരിയുടെ ആവശ്യം.

മുംബൈ: ലൈംഗിക പീഡനകേസിൽ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായ ബിനോയ് കോടിയേരി ഡിഎൻഎ പരിശോധയ്ക്ക് രക്തസാമ്പിൾ നൽകിയില്ല. പരിശോധനയ്ക്കായി ഇന്ന് സാമ്പിൾ നൽകണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അസുഖമായതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നായിരുന്നു ബിനോയ് കോടിയേരിയുടെ ആവശ്യം.

കോടതി നിര്‍ദ്ദേശപ്രകാരം മുൻകൂര്‍ ജാമ്യവ്യവസ്ഥ അനുസരിച്ചാണ് ബിനോയ് കോടിയേരി ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയത്.  അരമണിക്കൂര്‍ സ്റ്റേഷനിൽ കാത്തിരുന്ന ശേഷമാണ് ബിനോയ് കോടിയേരിയെ അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിച്ചത്. അസുഖമാണെന്നും അതിനാൾ രക്തസാമ്പിളെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ബിനോയ് കോടിയേരി ആവശ്യപ്പെടുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ബിനോയ് കോടിയേരിയും അഭിഭാഷകനും ആവര്‍ത്തിച്ചു. 

ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് നേരത്തെ ഡിൻഡോഷി സെഷൻസ് കോടതി  ബിനോയ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. കുഞ്ഞിന്‍റെ പിതൃത്വം തെളിയിക്കുന്നതിന് യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഡിഎൻഎ പരിശോധന നടത്താൻ അന്വേഷണ സംഘം തയ്യാറാകുന്നത്. 

അന്വേഷണ ഉദ്യോഗസ്ഥൻ രേഖാമൂലം ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്കായി രക്തസാംപിൾ കൈമാറണമെന്ന് കോടതിയും ബിനോയ് കോടിയേരിയോട് നിർദേശിച്ചിരുന്നു. 

click me!