
കൊച്ചി: യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിലെ പ്രതികൾ ഉൾപ്പെട്ട പിഎസ്‍സി റാങ്ക് പട്ടികയില്‍ അപാകതയുണ്ടെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കണ്ടെത്തി. ട്രൈബ്യൂണലിന്റെ അന്തിമ വിധിക്ക് വിധേയമായി മാത്രമേ നിയമന നടപടികൾ പൂർത്തീകരിക്കാവൂ എന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു.
കെഎപി 4 ബറ്റാലിയൻ റിക്രൂട്ട്മെൻറ് ചോദ്യം ചെയ്ത് കോഴിക്കോട് സ്വദശികളായ പത്ത് ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് ട്രൈബ്യൂണലിന്‍റെ നടപടി. ശാരീരിക ക്ഷമത പരീക്ഷയിൽ ക്രമക്കേട് നടന്നെന്നായിരുന്നു ഇവരുടെ പരാതി. ഇതിന്മേലാണ് ജൂലൈ അഞ്ചിന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത് വിവാദമായിരുന്നു. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. അതിനിടെയാണ്, റാങ്ക് പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ കണ്ടെത്തിയിട്ടുണ്ടെന്ന വിവരം പുറത്തു വരുന്നത്. ശിവരഞ്ജിത്തിനും നസീമിനും പുറമേ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ യൂണിറ്റ് ഭാരവാഹിയുമായ പ്രണവും റാങ്ക് പട്ടികയിലുണ്ട്. മൂന്നാം റാങ്കാണ് പ്രണവിനുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam